Home Nationalവാട്‌സ്ആപ്പിൽ സൗഹൃദം, പിന്നാലെ സൈനിക രഹസ്യങ്ങൾ ചോർന്നു; മുൻ ക്യാപ്റ്റൻ അറസ്റ്റിൽ

വാട്‌സ്ആപ്പിൽ സൗഹൃദം, പിന്നാലെ സൈനിക രഹസ്യങ്ങൾ ചോർന്നു; മുൻ ക്യാപ്റ്റൻ അറസ്റ്റിൽ

by news_desk1
0 comments

വെല്ലൂർ: വാട്‌സ്ആപ്പിലൂടെ പരിചയപ്പെട്ട വനിതാ സുഹൃത്തിന് സൈനിക ഉപകരണങ്ങളുമായി ബന്ധപ്പെട്ട തന്ത്രപ്രധാന വിവരങ്ങൾ കൈമാറിയെന്ന കേസിൽ കരസേനാ മുൻ ക്യാപ്റ്റൻ അറസ്റ്റിൽ. വെല്ലൂർ ജില്ലയിലെ കീഴ്‌വെള്ളം സ്വദേശിയായ ബാബു പി (52) ആണ് അറസ്റ്റിലായത്. 28 വർഷം കരസേനയിൽ സേവനമനുഷ്ഠിച്ച ഇയാൾ 2025ൽ മിലിട്ടറി എക്യുപ്‌മെന്റ് ഡിവിഷനിൽനിന്ന് ക്യാപ്റ്റൻ പദവിയിൽ വിരമിച്ചതാണ്.

ഒരു വർഷം മുൻപാണ് ബാബുവും യുവതിയും വാട്‌സ്ആപ്പിലൂടെ സൗഹൃദത്തിലായത്. പ്രതിരോധ ഗവേഷണ വികസന സ്ഥാപനമായ ഡി.ആർ.ഡി.ഒയിലെ ഒരു പദ്ധതിയിൽ ജോലി ചെയ്യുന്നയാളാണെന്ന് പരിചയപ്പെടുത്തിയാണ് യുവതി ഇയാളുമായി ബന്ധപ്പെട്ടതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. പദ്ധതിയുടെ ആവശ്യങ്ങൾക്കെന്ന വ്യാജേന ആയുധങ്ങൾ, സൈനിക വാഹനങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങൾ യുവതി ആവശ്യപ്പെട്ടതായും ആരോപണമുണ്ട്.

യുവതിയുടെ ആവശ്യപ്രകാരം കരസേനയിൽ സേവനമനുഷ്ഠിക്കുന്ന സുഹൃത്തുക്കളോട് അന്വേഷിച്ച് മനസ്സിലാക്കിയ വിവരങ്ങളും ബാബു കൈമാറിയിരുന്നതായാണ് സംശയം. സൈനിക ഉപകരണങ്ങളുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ വാട്‌സ്ആപ്പിലൂടെ പങ്കുവച്ചതായും അന്വേഷണത്തിൽ കണ്ടെത്തിയെന്നാണ് റിപ്പോർട്ട്.

ബാബുവിന്റെ ആശയവിനിമയത്തിൽ സംശയം തോന്നിയ സൈനിക ഉദ്യോഗസ്ഥർ കേന്ദ്ര അന്വേഷണ ഏജൻസികളെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ഇന്റലിജൻസ് ബ്യൂറോ (ഐ.ബി.) മൊബൈൽ നമ്പറുകൾ നിരീക്ഷിക്കുകയും സൈനിക രഹസ്യങ്ങൾ കൈമാറിയതായി കണ്ടെത്തുകയുമായിരുന്നു. കേന്ദ്ര ഇന്റലിജൻസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തതിന് പിന്നാലെ ശനിയാഴ്ച രാത്രി അറസ്റ്റ് രേഖപ്പെടുത്തി. കോടതി റിമാൻഡ് ചെയ്ത ബാബുവിനെ വെല്ലൂർ സെൻട്രൽ ജയിലിൽ പ്രവേശിപ്പിച്ചു.

അതേസമയം, ഡി.ആർ.ഡി.ഒ ഉദ്യോഗസ്ഥയാണെന്ന് അവകാശപ്പെട്ട് ബാബുവുമായി ബന്ധപ്പെട്ട യുവതിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇവർ വിദേശവനിതയാണോയെന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷണ ഏജൻസികൾ പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. യുവതിക്ക് പാകിസ്ഥാനുമായി ബന്ധമുണ്ടെന്ന തരത്തിലുള്ള വാർത്തകൾക്ക് ഇതുവരെ സ്ഥിരീകരണമില്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

You may also like