Home Keralaമദ്യലഹരിയിൽ അമ്മയുടെ മടിയിൽനിന്ന് കുഞ്ഞിനെ പിടിച്ചുവാങ്ങി തറയിലടിച്ചു; ഒന്നരവയസ്സുകാരിക്ക് ദാരുണാന്ത്യം

മദ്യലഹരിയിൽ അമ്മയുടെ മടിയിൽനിന്ന് കുഞ്ഞിനെ പിടിച്ചുവാങ്ങി തറയിലടിച്ചു; ഒന്നരവയസ്സുകാരിക്ക് ദാരുണാന്ത്യം

by news_desk1
0 comments

ആലപ്പുഴ: മാവേലിക്കരയിൽ മദ്യലഹരിയിലെത്തിയ പിതാവ് അമ്മയുടെ മടിയിലിരുന്ന ഒന്നരവയസ്സുകാരിയെ ബലമായി പിടിച്ചുവാങ്ങി തറയിലടിച്ച് കൊലപ്പെടുത്തിയതായി പൊലീസ്. മാങ്ങാംകുഴിയിലാണ് നാടിനെ നടുക്കിയ സംഭവം. അസം ഗുവാഹത്തി സ്വദേശിയും നിർമാണത്തൊഴിലാളിയുമായ പാരിതോഷ് മണ്ഡലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ രാത്രി 10.30ഓടെയായിരുന്നു സംഭവം. മദ്യലഹരിയിലെത്തിയ പാരിതോഷ് ഭാര്യയുടെ മടിയിലിരുന്ന കുഞ്ഞിനെ പിടിച്ചുവാങ്ങി തറയിലേക്ക് എറിയുകയായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കുട്ടി വീണ് അവശനിലയിലായെന്നായിരുന്നു ആദ്യം കുടുംബം ആശുപത്രി അധികൃതരോട് അറിയിച്ചത്. എന്നാൽ കുഞ്ഞിന്റെ ശരീരത്തിലെ പരിക്കുകളിൽ സംശയം തോന്നിയ ഡോക്ടർമാർ പൊലീസിനെ വിവരമറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലും ചോദ്യം ചെയ്യലിലുമാണ് പിതാവ് കുഞ്ഞിനെ പിടിച്ചുവാങ്ങി തറയിലടിച്ചതാണെന്ന് വ്യക്തമായത്.

ദമ്പതികൾക്ക് മറ്റൊരു കുട്ടി കൂടിയുണ്ട്. മൂത്ത കുട്ടിയെയും പിതാവ് ഉപദ്രവിച്ചിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനൊപ്പം കുടുംബപശ്ചാത്തലവും പരിശോധിക്കുന്നുണ്ട്.

നിയമനടപടികൾ പൂർത്തിയാകുന്നതുവരെ കുഞ്ഞിന്റെ മൃതദേഹം മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

You may also like