Home Keralaഇഡിയുടെ പേരിൽ വ്യാജ സമൻസ് തട്ടിപ്പ്; രാജേന്ദ്രൻ വെള്ളപ്പാലത്തിന്റെ കൈവശം കൂടുതൽ വ്യാജ രേഖകൾ, പിന്നിൽ കണ്ണൂർ സ്വദേശി

ഇഡിയുടെ പേരിൽ വ്യാജ സമൻസ് തട്ടിപ്പ്; രാജേന്ദ്രൻ വെള്ളപ്പാലത്തിന്റെ കൈവശം കൂടുതൽ വ്യാജ രേഖകൾ, പിന്നിൽ കണ്ണൂർ സ്വദേശി

by news_desk1
0 comments

കൊച്ചി: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) പേരിൽ വ്യാജ സമൻസ് നിർമ്മിച്ച് കോടികളുടെ തട്ടിപ്പിന് ശ്രമിച്ച പ്രവാസി വ്യവസായി രാജേന്ദ്രൻ വെള്ളപ്പാലത്തിന്റെ കൈവശം കൂടുതൽ സമൻസുകൾ കണ്ടെത്തി. ഇഡി അന്വേഷണം നേരിടുന്ന മറ്റൊരു സഹകരണ സംഘത്തിന് കൈമാറാനായി തയ്യാറാക്കിയ സമൻസാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. വ്യാജ സമൻസുകൾ നിർമ്മിച്ചത് ബെംഗളൂരുവിലുള്ള കണ്ണൂർ സ്വദേശി ജിജിത്താണെന്നും ഇതിനായി ഇയാൾക്ക് മൂന്ന് ലക്ഷം രൂപ നൽകിയെന്നുമാണ് അന്വേഷണത്തിൽ വ്യക്തമായത്.

ഇന്ത്യൻ കോ ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയിൽ നിന്ന് കോടികൾ തട്ടിയെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് രാജേന്ദ്രൻ വ്യാജ ഇഡി സമൻസുമായി എത്തിയത്. സൊസൈറ്റി ഭാരവാഹിയെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി, ഇഡിയിലുള്ള സ്വാധീനം ഉപയോഗിച്ച് കേസ് ഒതുക്കിത്തരാമെന്ന് വാഗ്ദാനം ചെയ്യുകയായിരുന്നു പദ്ധതി. എന്നാൽ തട്ടിപ്പുനീക്കം സൊസൈറ്റി ഭാരവാഹികൾ തിരിച്ചറിഞ്ഞതോടെ രാജേന്ദ്രൻ പൊലീസിന്റെ പിടിയിലായി.

പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് കൂടുതൽ വ്യാജ സമൻസുകൾ കണ്ടെത്തിയത്. കേരളത്തിൽ പ്രവർത്തിക്കുന്ന മറ്റൊരു മൾട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പേരിലുള്ളതാണ് ഈ സമൻസ്. ഇതും വ്യാജമായി നിർമ്മിച്ചതാണോയെന്ന് ക്രൈംബ്രാഞ്ച് പരിശോധിച്ചുവരികയാണ്. കണ്ണൂർ സ്വദേശി ജിജിത്താണ് സമൻസുകൾ തയ്യാറാക്കിയതെന്നാണ് രാജേന്ദ്രന്റെ മൊഴി. ഇതിനായി മൂന്ന് ലക്ഷം രൂപ നൽകിയെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

ഇത്തരത്തിൽ എത്ര സമൻസുകൾ നിർമ്മിച്ചിട്ടുണ്ടെന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല. ഇഡി അന്വേഷണം നേരിടുന്ന വ്യക്തികളുടെ ഫോൺ വിവരങ്ങൾ ശേഖരിച്ച് കൈമാറിയ സംഭവത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥനെതിരെയും അന്വേഷണം നടക്കുന്നുണ്ട്. ഇയാളുമായി പണമിടപാട് നടന്നതായും കണ്ടെത്തിയിട്ടുണ്ട്.

അതേസമയം, ഇഡിയുടെ നിരീക്ഷണത്തിലുള്ള കമ്പനികളുടെയും സ്ഥാപനങ്ങളുടെയും വിവരങ്ങൾ രാജേന്ദ്രന് എവിടെനിന്ന് ലഭിച്ചുവെന്ന കാര്യത്തിലും ക്രൈംബ്രാഞ്ച് അന്വേഷണം തുടരുകയാണ്. പ്രതിയെ കൂടുതൽ ചോദ്യം ചെയ്യുന്നതിലൂടെ നിർണായക വിവരങ്ങൾ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.

You may also like