Home Keralaകോടിയേരിയുടെ ഭാര്യാസഹോദരൻ എസ്.ആർ. വിനയകുമാർ സിപിഎം വിട്ടു; ‘പാർട്ടി പിണറായിയുടെ പിടിയിൽ’

കോടിയേരിയുടെ ഭാര്യാസഹോദരൻ എസ്.ആർ. വിനയകുമാർ സിപിഎം വിട്ടു; ‘പാർട്ടി പിണറായിയുടെ പിടിയിൽ’

by news_desk1
0 comments

തിരുവനന്തപുരം: അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാസഹോദരൻ എസ്.ആർ. വിനയകുമാർ പാർട്ടിയുമായുള്ള ബന്ധം ഉപേക്ഷിച്ചു. നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചാണ് പാർട്ടി അംഗത്വം പുതുക്കേണ്ടതില്ലെന്ന് അദ്ദേഹം തീരുമാനിച്ചത്. പൊതുമേഖലാ സ്ഥാപനമായ യുണൈറ്റഡ് ഇലക്ട്രിക്കൽസ് ഇൻഡസ്ട്രീസിന്റെ മുൻ എം.ഡിയായ വിനയകുമാർ കേശവദാസപുരം ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്നു.

പാർട്ടി പിണറായി വിജയന്റെ പിടിയിലാണെന്നും പിണറായി വിജയനും എം.വി. ഗോവിന്ദനും സ്ഥാനങ്ങളിൽനിന്ന് മാറാതെ സിപിഎമ്മിന് രക്ഷയില്ലെന്നും വിനയകുമാർ തുറന്നടിച്ചു. പാർട്ടി അംഗത്വം പുതുക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പാർട്ടി വ്യക്തികേന്ദ്രീകൃതമായ കൊട്ടാരമായി മാറിയെന്നാണ് വിനയകുമാറിന്റെ വിമർശനം. പിണറായി വിജയനു ചുറ്റും കറങ്ങുന്ന കുറച്ചുപേർ മാത്രമായി പാർട്ടി ചുരുങ്ങി. പിണറായി വിജയന്റെ സ്വകാര്യതകളും കുടുംബപരമായ കാര്യങ്ങളും സംരക്ഷിക്കുക, മകൾക്കെതിരായ കേസുകളും മറ്റ് പ്രശ്നങ്ങളും പ്രതിരോധിക്കുക എന്നിവ മാത്രമാണ് ഇപ്പോഴത്തെ പാർട്ടിയുടെ രീതിയെന്നും അദ്ദേഹം ആരോപിച്ചു.

സംഘടനാപരമായ കാര്യങ്ങളൊന്നും ആരുടെയും മനസ്സിലില്ലെന്നും വിനയകുമാർ പറഞ്ഞു. പുതിയ സെക്രട്ടറിയെക്കുറിച്ച് ഒന്നും പറയാനില്ലെന്നും പാർട്ടിയിലെ നേതാക്കൾ തങ്ങൾ ഇരിക്കുന്ന കസേരകളെക്കുറിച്ച് ഇടയ്ക്കെങ്കിലും ആലോചിക്കുന്നത് നന്നായിരിക്കുമെന്നും എം.വി. ഗോവിന്ദനെ പരാമർശിച്ച് അദ്ദേഹം വിമർശിച്ചു.

You may also like