കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾ തുടരുന്നതിനിടെ കണ്ണൂരിനെ കുറിച്ച് വികാരഭരിതമായ കുറിപ്പുമായി മുതിർന്ന കോൺഗ്രസ് നേതാവ് കെ. സുധാകരൻ രംഗത്ത്. കണ്ണൂർ തന്റെ ഹൃദയരക്തമാണെന്നും കണ്ണൂരിലെ കോൺഗ്രസ് തന്നെയാണ് തന്റെ രാഷ്ട്രീയ മേൽവിലാസമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
സ്ഥാനാർഥി നിർണയ ചർച്ചകൾക്കായി ഡൽഹിയിലെത്തിയ ശേഷം അതൃപ്തിയോടെ നാട്ടിലേക്ക് മടങ്ങിയതിനെ തുടർന്നാണ് സുധാകരന്റെ പ്രതികരണം പുറത്തുവന്നത്. “താൻ അറിയാത്ത കണ്ണൂരില്ല, തന്നെ അറിയാത്ത കണ്ണൂരുമില്ല. രാഷ്ട്രീയ ജീവിതത്തിൽ കടന്നുവന്ന കനൽ വഴികൾ മരണത്തിലും മറക്കാനാവാത്ത യാഥാർഥ്യങ്ങളാണ്,” എന്നും അദ്ദേഹം കുറിപ്പിൽ പറഞ്ഞു.
കമ്മ്യൂണിസ്റ്റ് ആക്രമണങ്ങളെ നേരിട്ട് പാർട്ടി പ്രവർത്തകരെ സംരക്ഷിച്ച പോരാട്ട അനുഭവങ്ങളും സഹപ്രവർത്തകരുടെ ത്യാഗങ്ങളും അദ്ദേഹം ഓർത്തെടുത്തു. പാർട്ടിയെയും പ്രവർത്തകരെയും സംരക്ഷിക്കുന്നതിനിടയിൽ സ്വന്തം കുടുംബജീവിതത്തെക്കുറിച്ച് പോലും ചിന്തിച്ചിട്ടില്ലെന്നും സുധാകരൻ കുറിച്ചു. കോൺഗ്രസിന്റെ ത്രിവർണ്ണ പതാകയ്ക്കായി അവസാനവരെ പോരാടുമെന്നും അദ്ദേഹം വ്യക്തമാക്കി.
സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് സുധാകരന് അസന്തോഷമുണ്ടെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ഈ കുറിപ്പ് ശ്രദ്ധ നേടുന്നത്. കോൺഗ്രസ് സ്ഥാനാർഥി നിർണയ ചർച്ചകൾക്കായി ഡൽഹിയിലെത്തിയ അദ്ദേഹം പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാതെയാണ് മടങ്ങിയത്.
കണ്ണൂരിൽ മത്സരിക്കുമെന്ന സുധാകരന്റെ സ്വയം പ്രഖ്യാപനത്തിന് പിന്നാലെ ആരും സ്വമേധയാ സ്ഥാനാർഥിത്വം പ്രഖ്യാപിക്കരുതെന്ന് കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് മുന്നറിയിപ്പ് നൽകിയിരുന്നു. സ്‌ക്രീനിങ് കമ്മിറ്റി യോഗം ചേരാനിരിക്കെയാണ് സുധാകരന്റെ പ്രഖ്യാപനം പുറത്തുവന്നത്.
ഇതിനിടെ സുധാകരനെ അനുകൂലിച്ച് കണ്ണൂരിൽ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു. “കെ. സുധാകരൻ കോൺഗ്രസ് പ്രവർത്തകരുടെ വികാരമാണ്” എന്ന സന്ദേശവുമായി അദ്ദേഹത്തെ കണ്ണൂരിൽ സ്ഥാനാർഥിയാക്കണമെന്ന് ആവശ്യപ്പെട്ടാണ് പോസ്റ്ററുകൾ ഉയർന്നത്.

