ന്യൂഡൽഹി: 80-ാം സ്വാതന്ത്ര്യദിനത്തിന്റെ തലേന്ന് രാഷ്ട്രപതി ദ്രൗപതി മുർമു രാജ്യത്തെ അഭിസംബോധന ചെയ്തു. രാഷ്ട്രനിർമാണത്തിൽ എല്ലാവരും ഒന്നിച്ച് മുന്നേറണമെന്നും വികസനമാണ് രാജ്യത്തിന്റെ പ്രധാന ലക്ഷ്യമെന്നും രാഷ്ട്രപതി പറഞ്ഞു. പ്രസംഗത്തിന് മുന്നോടിയായി ദേശീയ ഗാനമായ വന്ദേമാതരം ആലപിച്ചു.
ജനങ്ങൾ സ്വന്തം സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ശ്രമിക്കുകയാണെന്നും അതിനായി ഒറ്റക്കെട്ടായി മുന്നേറുകയാണെന്നും രാഷ്ട്രപതി പറഞ്ഞു. ‘വികസിത ഭാരതം’ എന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യ മുന്നേറുകയാണ്. വികസനത്തിന്റെ ഗുണഫലം എല്ലാ ജനങ്ങളിലേക്കും എത്തണം. ആർക്കും നീതി നിഷേധിക്കപ്പെടാൻ പാടില്ലെന്നും രാഷ്ട്രപതി വ്യക്തമാക്കി.
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സൈനികർക്കുള്ള വിവിധ ധീരതാ പുരസ്കാരങ്ങളും പ്രഖ്യാപിച്ചു. മലയാളി സൈനികൻ മേജർ തരുണ് വാസുദേവന് ശൗര്യചക്ര ലഭിക്കും. 19 പേർക്ക് ശൗര്യചക്രയും ഒമ്പത് പേർക്ക് കീർത്തിചക്രയും ഏഴ് പേർക്ക് മരണാനന്തര ബഹുമതിയും ലഭിക്കും.
ഇന്ത്യയെ നക്സൽ വിമുക്തമാക്കിയത് വലിയ ദേശീയ നേട്ടമാണെന്നും രാഷ്ട്രപതി പറഞ്ഞു. ദശാബ്ദങ്ങളോളം നക്സലിസം രാജ്യത്തിന് വലിയ വെല്ലുവിളിയായിരുന്നു. ഒരുകാലത്ത് നക്സലിസം ബാധിച്ചിരുന്ന പ്രദേശങ്ങളിൽ ഇന്ന് വലിയ മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത്. ഈ മേഖലകളിൽ സമഗ്രമായ വികസന പ്രവർത്തനങ്ങൾ നടക്കുകയാണ്.
ഭീകര ശൃംഖലകൾക്കെതിരെ കൃത്യമായ ആക്രമണങ്ങൾ നടത്താനുള്ള ഇന്ത്യൻ സായുധസേനയുടെ കഴിവ് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചെന്നും രാഷ്ട്രപതി പറഞ്ഞു.
സർക്കാർ യുവാക്കൾക്കൊപ്പമാണെന്നും മത്സര പരീക്ഷകളിൽ സുതാര്യത ഉറപ്പാക്കുന്നുണ്ടെന്നും രാഷ്ട്രപതി വ്യക്തമാക്കി. മത്സര പരീക്ഷകൾ യുവാക്കൾക്ക് വലിയ അവസരങ്ങൾ തുറക്കുന്നു. ഇന്ത്യൻ യുവാക്കൾ കഴിവുള്ളവരും പ്രതിബദ്ധതയുള്ളവരുമാണ്. അവരുടെ നേട്ടങ്ങളും ശക്തിയും ഇച്ഛാശക്തിയും ലോകം അംഗീകരിച്ചിട്ടുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു.
റോക്കറ്റ് വിക്ഷേപണത്തിന് നേതൃത്വം നൽകിയ സംഘത്തിന്റെ ശരാശരി പ്രായം 28 വയസ്സ് മാത്രമാണെന്നും ഇത് യുവശക്തിയുടെ കഴിവ് വ്യക്തമാക്കുന്നതാണെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ ഭാവിയുടെ ശിൽപികളാണ് വിദ്യാർഥികളെന്നും അവർ വ്യക്തമാക്കി.
