പാലക്കാട്: മോഡലിങ്ങിന് പോകാനും പഠിക്കാനും ആഗ്രഹിച്ചിരുന്നെന്നും കുട്ടികളെ നോക്കേണ്ടതിനാൽ അതിന് കഴിയാത്തത് തടസ്സമായെന്നും കരുതിയാണ് മക്കളെ കൊലപ്പെടുത്തിയതെന്ന് മാതാവ് നിവേദ്യയുടെ മൊഴി. എന്നാൽ മൊഴിയിലെ കാര്യങ്ങൾ പൊലീസ് പൂർണമായി വിശ്വാസത്തിലെടുത്തിട്ടില്ല. വെള്ളത്തൊട്ടിയിൽ മുക്കിയാണ് മക്കളായ ജെന്നിഫർ ജൂലിയറ്റ് (5), റോബിൻ ക്രിസ്റ്റഫർ (3) എന്നിവരെ കൊലപ്പെടുത്തിയതെന്ന് നിവേദ്യ പൊലീസിനോട് സമ്മതിച്ചു.
ജോൺ കുമാർ–നിവേദ്യ ദമ്പതികൾ തമ്മിൽ സ്ഥിരമായി വഴക്കുണ്ടായിരുന്നെന്ന് അയൽവാസികൾ പൊലീസിനോട് പറഞ്ഞു. നിവേദ്യ അമിതമായി ഫോൺ ഉപയോഗിക്കുന്നതിനെ ജോൺ കുമാർ എതിർത്തിരുന്നതായും വിവരമുണ്ട്. കൊലപാതകത്തിന് മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോ എന്ന് കണ്ടെത്താൻ നിവേദ്യയുടെ ഫോൺ പൊലീസ് വിശദമായി പരിശോധിക്കും.
കൊഴിഞ്ഞാമ്പാറ മേനോൻപാറ കൂരാങ്കാട്ടാണ് ജോൺ കുമാറും കുടുംബവും വാടകയ്ക്ക് താമസിച്ചിരുന്നത്. കളിക്കുന്നതിനിടെ കുട്ടികൾ കുളിമുറിയിലെ വെള്ളത്തൊട്ടിയിൽ വീണതാകാമെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണുകിടക്കുന്നത് കണ്ട നാട്ടുകാർ ഉടൻ അത്താണിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ഇരുവരും മരിച്ചു.
