തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഭാഗികമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയേക്കുമെന്ന് കെ.എസ്.ഇ.ബി. (KSEB) മുന്നറിയിപ്പ്. പവർ എക്സ്ചേഞ്ചുകൾ വഴി ആവശ്യത്തിന് വൈദ്യുതി ലഭ്യമാകാത്തതും ഗ്രിഡ് ഫ്രീക്വൻസി ക്രമാതീതമായി കുറയുന്നതും മൂലം ഇന്ന് വൈകുന്നേരം 6.45 മുതൽ രാത്രി 12 മണി വരെയുള്ള സമയങ്ങളിൽ നിയന്ത്രണം ആവശ്യമായി വന്നേക്കുമെന്നാണ് അറിയിപ്പ്. എന്നാൽ പവർ എക്സ്ചേഞ്ചുകളിൽ നിന്ന് തത്സമയം വൈദ്യുതി ലഭിക്കുന്ന മുറയ്ക്ക് ഈ നിയന്ത്രണം പരമാവധി ഒഴിവാക്കാൻ ശ്രമിക്കുമെന്നും കെ.എസ്.ഇ.ബി വ്യക്തമാക്കുന്നു.
എൽനിനോ പ്രതിഭാസം മൂലമുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില വർധിച്ചതുമാണ് പ്രതിസന്ധിക്ക് പ്രധാന കാരണം. മുൻവർഷങ്ങളിലെ സെപ്റ്റംബർ മാസത്തെ അപേക്ഷിച്ച് വൈദ്യുതി ആവശ്യകതയിൽ 1200 മെഗാവാട്ടിന്റെ വർധനവുണ്ടായിട്ടുണ്ട്. ചിലയിടങ്ങളിൽ മഴ പെയ്യുന്നുണ്ടെങ്കിലും ഉപഭോഗത്തിൽ കുറവില്ല. ഇന്ന് 600 മുതൽ 800 മെഗാവാട്ട് വരെ വൈദ്യുതിയുടെ ലഭ്യതക്കുറവ് ഉണ്ടാകാനാണ് സാധ്യത. മധ്യപ്രദേശിൽ നിന്നും സ്വാപ്പ് വ്യവസ്ഥയിൽ ലഭ്യമായിരുന്ന 200 മെഗാവാട്ട് വൈദ്യുതി വൈകിട്ട് 6 മുതൽ രാത്രി 8 വരെ ലഭ്യമാകില്ലെന്നതും തിരിച്ചടിയായി. അതേസമയം കെ.എസ്.ഇ.ബിയുടെ ഊർജ്ജിത ഇടപെടലിലൂടെ ഹരിയാനയിൽ നിന്നും 50 മെഗാവാട്ട് അധികമായി ലഭ്യമാക്കാൻ സാധിച്ചിട്ടുണ്ട്.
രാജ്യത്തുടനീളം വൈദ്യുതി ആവശ്യകത കുതിച്ചുയർന്നതോടെ പവർ എക്സ്ചേഞ്ചുകളിലും വൈദ്യുതി ദൗർലഭ്യം രൂക്ഷമാണ്. ദേശീയ തലത്തിൽ 12,000 മെഗാവാട്ടിന്റെ കുറവ് അനുഭവപ്പെടുന്നുണ്ടെന്ന് ഗ്രിഡ് കൺട്രോളർ ഓഫ് ഇന്ത്യ വ്യക്തമാക്കിയിരുന്നു. കൂടാതെ ദേശീയ തലത്തിൽ 5000 മെഗാവാട്ട് വരെ ഡിമാൻഡ് ഉയരാനും കാറ്റിൽ നിന്നുള്ള വൈദ്യുതി ഉൽപ്പാദനത്തിൽ 5000 മെഗാവാട്ടിന്റെ കുറവുണ്ടാകാനും സാധ്യതയുണ്ട്. നിലവിലുണ്ടായ പ്രതിസന്ധി മറി കടക്കാൻ പീക്ക് സമയങ്ങളിൽ വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കണമെന്ന് കെ.എസ്.ഇ.ബി ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചു.
