കോഴിക്കോട്: മുട്ടിൽ മരംമുറിക്കേസിൽ കഴിഞ്ഞ സർക്കാർ അന്വേഷിക്കാതെ വിട്ട ഗൂഢാലോചനാ ഭാഗത്തും തുടരന്വേഷണത്തിന് സർക്കാർ നീക്കം. സംസ്ഥാനമൊട്ടാകെ വ്യാപകമായ മരംമുറിയിലേക്ക് നയിച്ച റവന്യു വകുപ്പിന്റെ വിവാദ ഉത്തരവിന് പിന്നിലെ ഉന്നതതല ഇടപെടലുകളാണ് പ്രധാനമായും പരിശോധിക്കുക. ഡിജിപി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തെ തന്നെ ഇതിനായി ചുമതലപ്പെടുത്തിയേക്കും.
അന്നത്തെ റവന്യു ഫയലുകളുടെ പ്രാഥമിക പരിശോധനയിൽ ഗുരുതരമായ തിരിമറികളെക്കുറിച്ചുള്ള സൂചനകൾ ലഭിച്ചതായാണ് വിവരം. പട്ടയഭൂമിയിലെ മരംമുറിക്ക് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് കീഴുദ്യോഗസ്ഥരുടെ എതിർപ്പ് ശക്തമായതോടെ ഇലക്ട്രോണിക് ഫയലായി നീങ്ങിയിരുന്ന ചർച്ചകൾ ഫിസിക്കൽ ഫയലിലേക്ക് മാറ്റിയിരുന്നു. അന്നത്തെ വനം മന്ത്രിയുടെ പരിഗണനയ്ക്ക് ഫയൽ എത്തുന്നതിന് തൊട്ടുമുമ്പായിരുന്നു ഈ മാറ്റം.
ഇതിനിടയിലുണ്ടായിരുന്ന പല കുറിപ്പുകളും ഫയലിൽ നിന്ന് നഷ്ടപ്പെട്ടതായി സംശയമുണ്ട്. നിലവിൽ എസ്ഐടി സമർപ്പിച്ച കുറ്റപത്രങ്ങളിലെ പ്രധാന പ്രതികളായ അഗസ്റ്റിൻ സഹോദരന്മാർ മുറിച്ചിട്ട മരങ്ങൾ കൊണ്ടുപോകാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് നൽകിയ കത്തും ഫയലിൽ കണ്ടെത്തിയിട്ടുണ്ട്.
അഗസ്റ്റിൻ സഹോദരന്മാരും ഒരു മാധ്യമസ്ഥാപനത്തിന്റെ മേധാവിയും തമ്മിൽ എറണാകുളത്തെ ഓഫിസിൽ മരംമുറിയുമായി ബന്ധപ്പെട്ട് നടത്തിയ ചർച്ചകൾക്ക് താൻ സാക്ഷിയായിരുന്നുവെന്ന് അടുത്തിടെ ഒരു മാധ്യമപ്രവർത്തകൻ വെളിപ്പെടുത്തിയിരുന്നു. ഈ ചർച്ചകൾക്ക് പിന്നാലെയാണ് അന്നത്തെ റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ഡോ. എ. ജയതിലക് ഫയലിൽ നടപടികൾ സ്വീകരിച്ചതെന്നാണ് വനം വകുപ്പിന്റെ സംശയം. ഇക്കാര്യവും അന്വേഷണത്തിൽ പരിശോധിക്കും.
തുടരന്വേഷണം എങ്ങനെ മുന്നോട്ടുകൊണ്ടുപോകണമെന്നതിനെക്കുറിച്ച് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി. ആസഫലിയുമായി വനം മന്ത്രി കഴിഞ്ഞ ദിവസം ചർച്ച നടത്തി. ജുഡീഷ്യൽ അന്വേഷണത്തിന്റെ സാധ്യതയാണ് ആസഫലി മുന്നോട്ടുവച്ചതെങ്കിലും നിലവിൽ പ്രത്യേക അന്വേഷണ സംഘം ഉള്ള സാഹചര്യത്തിൽ അതേ സംഘത്തെ തന്നെ തുടരന്വേഷണത്തിന് ചുമതലപ്പെടുത്തുന്നതാണ് ഉചിതമെന്ന അഭിപ്രായവുമുണ്ട്.
ഡിവൈഎസ്പി വി.വി. ബെന്നിയുടെ നേതൃത്വത്തിലുള്ള സംഘമാണ് മുട്ടിൽ മരംമുറിക്കേസ് അന്വേഷിച്ച് ബത്തേരി കോടതിയിൽ 41 കുറ്റപത്രങ്ങൾ സമർപ്പിച്ചത്. ഇതിൽ 36 കേസുകളിലും അഗസ്റ്റിൻ സഹോദരന്മാരാണ് പ്രധാന പ്രതികൾ.
വന്യജീവി നിയമപ്രകാരമുള്ള കേസുകൾ ഒഴികെയുള്ള വനംവകുപ്പ് കേസുകൾ പൊലീസിനും അന്വേഷിക്കാമെന്ന വ്യവസ്ഥ നിലവിലുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ വനനിയമത്തിലെ വകുപ്പുകൾ കൂടി എസ്ഐടിയുടെ കുറ്റപത്രത്തിൽ ഉൾപ്പെടുത്തി പരിഷ്കരിക്കുന്നതിനെക്കുറിച്ചും ചർച്ചകൾ നടക്കുന്നുണ്ട്.
