തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധങ്ങൾ ശക്തമായ സാഹചര്യത്തിൽ സുരക്ഷ വർധിപ്പിക്കാൻ തീരുമാനം. മുഖ്യമന്ത്രി പങ്കെടുക്കുന്ന ഔദ്യോഗിക പരിപാടികളിൽ കൂടുതൽ പൊലീസുകാരെ വിന്യസിക്കും. മന്ത്രിമാരുടെ സുരക്ഷയും വർധിപ്പിക്കാനാണ് തീരുമാനം.
യാത്രാവേളയിൽ മുഖ്യമന്ത്രിക്ക് അകമ്പടിയായി എസ്‌കോർട്ട്, പൈലറ്റ് വാഹനങ്ങൾ മാത്രമാകും ഉണ്ടാകുക. ഇന്ന് തിരുവനന്തപുരത്ത് നടക്കുന്ന മുഖ്യമന്ത്രിയുടെ ഔദ്യോഗിക പരിപാടികളിലും കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കും. സുരക്ഷ ശക്തമാക്കണമെന്ന് ഇന്റലിജൻസ് മേധാവി ജില്ലാ പൊലീസ് മേധാവിമാരോട് ആവശ്യപ്പെട്ടിരുന്നു.
അനിയന്ത്രിതമായ ജനക്കൂട്ടം മുഖ്യമന്ത്രിയെ സമീപിക്കുകയും ശരീരത്തിൽ സ്പർശിക്കുന്ന തരത്തിൽ അടുത്തിടപഴകുകയും ചെയ്യുന്ന സാഹചര്യത്തിൽ ജാഗ്രത വേണമെന്നാണ് നിർദേശം. പൊതുപരിപാടികളിലും മുഖ്യമന്ത്രി യാത്ര ചെയ്യുന്ന സ്ഥലങ്ങളിലും യൂണിഫോമിലുള്ള പൊലീസുകാർക്ക് പുറമേ മഫ്തിയിലുള്ള ഉദ്യോഗസ്ഥരെയും നിയോഗിക്കണമെന്ന് ഇന്റലിജൻസ് മേധാവി നിർദേശിച്ചിട്ടുണ്ട്.
അതേസമയം, അധിക സുരക്ഷ ആവശ്യമില്ലെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. തിരുവനന്തപുരത്ത് പരിപാടിക്കെത്തിയപ്പോൾ ഇക്കാര്യത്തിൽ അദ്ദേഹം പൊലീസിനോട് അതൃപ്തി അറിയിക്കുകയും ചെയ്തു. തിരുവനന്തപുരം ഡിസിപിയോടാണ് മുഖ്യമന്ത്രി സംസാരിച്ചത്. ഔദ്യോഗിക യാത്രയ്ക്കിടെ കൂടുതൽ വാഹനങ്ങൾ വിന്യസിക്കരുതെന്നും മുഖ്യമന്ത്രി നിർദേശം നൽകി.
അതിനിടെ, മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ യുവമോർച്ചയുടെ കരിങ്കൊടി പ്രതിഷേധം തുടരുകയാണ്. തിരുവനന്തപുരത്ത് മുഖ്യമന്ത്രിക്കെതിരെ ഇന്നലെ അർധരാത്രിയും പ്രതിഷേധമുണ്ടായി. ചാക്ക പാലത്തിൽ രാത്രി 12.45ഓടെയായിരുന്നു പ്രതിഷേധം. യുവമോർച്ച ജില്ലാ പ്രസിഡന്റ് വിഷ്ണു ആചാരി ഉൾപ്പെടെ മൂന്ന് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരായ പ്രതിഷേധത്തിൽ അന്വേഷണം പ്രഖ്യാപിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നാണ് ബിജെപിയുടെ നിലപാട്.
