തിരുവനന്തപുരം: ബേക്കറി ജംഗ്ഷനിലെ തിരുവനന്തപുരം ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം. ഓഫീസിന്റെ പ്രധാന വാതിലിന്റെ ചില്ലുകൾ കല്ലെറിഞ്ഞ് തകർത്ത നിലയിലാണ്. രാത്രിയോ പുലർച്ചെയോ ആണ് ആക്രമണം നടന്നതെന്നാണ് സംശയം. ആക്രമണത്തിന് പിന്നിൽ ബിജെപിയാണെന്ന് കോൺഗ്രസ് ആരോപിച്ചു.
ബിജെപിയുമായുള്ള തർക്കത്തിന്റെ ഭാഗമായാണ് ആക്രമണമുണ്ടായതെന്നാണ് കോൺഗ്രസ് പ്രവർത്തകർ പറയുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ കരിങ്കൊടി കാണിച്ചതിന് പിന്നാലെ ബിജെപിയും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ വിവിധയിടങ്ങളിൽ പ്രതിഷേധങ്ങളുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായി ബിജെപിയും യുവമോർച്ചയും നടത്തിയ ആക്രമണമാണെന്നാണ് കോൺഗ്രസ് നേതാക്കളുടെ ആരോപണം.
ഡിസിസി ഓഫീസ് ആക്രമിച്ചതിൽ കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിക്കുമെന്നും മന്ത്രിമാർ ഉൾപ്പെടെയുള്ള മുതിർന്ന കോൺഗ്രസ് നേതാക്കൾ ഉടൻ സ്ഥലത്തെത്തുമെന്നുമാണ് വിവരം.
ഒരു പ്രകോപനവുമില്ലാതെ ബിജെപി കോൺഗ്രസിന് നേരെ ആക്രമണം അഴിച്ചുവിടുകയാണെന്ന് തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് എൻ. ശക്തൻ ആരോപിച്ചു. ഇന്നലെ രാത്രിയുണ്ടായ ആക്രമണത്തെക്കുറിച്ച് ഇന്ന് രാവിലെയാണ് അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. നെയ്യാറ്റിൻകരയിലെ പ്രതിഷേധത്തിന് പിന്നാലെ ബിജെപി കോൺഗ്രസ് പ്രവർത്തകരെ ഭീഷണിപ്പെടുത്തിയെന്നും ശക്തൻ ആരോപിച്ചു.
സംഭവത്തിൽ നിയമപരമായി മുന്നോട്ട് പോകുമെന്നും കോൺഗ്രസ്, ബിജെപി പ്രവർത്തകർ പരസ്പരം സംയമനം പാലിക്കണമെന്നും എൻ. ശക്തൻ ആവശ്യപ്പെട്ടു.
അതിനിടെ, നെയ്യാറ്റിൻകര പാലിയോട് ജംഗ്ഷനിലെ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന് നേരെയും ഇന്ന് പുലർച്ചെ തീപിടിത്തമുണ്ടായി. ഓട് കൊണ്ടുള്ള പഴയ കെട്ടിടവും ഫ്ളക്സ് ബോർഡുകളും കത്തി നശിച്ചു. പാർട്ടി ഓഫീസിന് പിന്നിലൂടെ എത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് വിവരം.
കയ്യിൽ കരുതിയിരുന്ന ദ്രാവകം ഫ്ളക്സ് ബോർഡിൽ ഒഴിച്ച ശേഷമാണ് തീ കത്തിച്ചതെന്നാണ് വിവരം. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെയും മുഖ്യമന്ത്രി വി.ഡി. സതീശന്റെയും ഫ്ളക്സ് ബോർഡുകൾ പൂർണമായും കത്തിനശിച്ചു. സംഭവത്തിന് മുൻദിവസം ഇവിടെ ബിജെപി–യൂത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിൽ തർക്കമുണ്ടായിരുന്നു.
