Home Kerala‘കാലവർഷക്കെടുതി സർക്കാർ ഒറ്റക്കെട്ടായി വിജയകരമായി നേരിട്ടു’; മുഖ്യമന്ത്രിയെയും റവന്യൂ മന്ത്രിയെയും പുകഴ്ത്തി കെ സി വേണുഗോപാൽ

‘കാലവർഷക്കെടുതി സർക്കാർ ഒറ്റക്കെട്ടായി വിജയകരമായി നേരിട്ടു’; മുഖ്യമന്ത്രിയെയും റവന്യൂ മന്ത്രിയെയും പുകഴ്ത്തി കെ സി വേണുഗോപാൽ

by news_desk1
0 comments

മലപ്പുറം: കാലവർഷക്കെടുതിയിൽ സർക്കാർ നേരിട്ട പ്രതിസന്ധിയെ പുകഴ്ത്തി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. കാലവർഷം പരീക്ഷണകാലമായിരുന്നെങ്കിലും മുഖ്യമന്ത്രി, റവന്യൂ മന്ത്രി, സർക്കാർ എന്നിവർ ഒറ്റക്കെട്ടായി പ്രവർത്തിച്ച് സാഹചര്യം വിജയകരമായി തരണം ചെയ്തെന്ന് കെ സി വേണുഗോപാൽ പറഞ്ഞു. ദുരിതമനുഭവിച്ച ജനങ്ങൾക്കായി സർക്കാർ ഒന്നിച്ചുനിന്ന കാഴ്ച കേരളം കണ്ടെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം ഡിസിസി സംഘടിപ്പിച്ച സ്വീകരണ പരിപാടിയിലായിരുന്നു പ്രതികരണം.

സർക്കാർ അധികാരത്തിലെത്തിയിട്ട് മൂന്ന് മാസം പിന്നിടുകയാണ്. ജനങ്ങൾ പ്രതീക്ഷിച്ചതുപോലെയുള്ള ഭരണം കാഴ്ചവയ്ക്കാൻ യുഡിഎഫ് പരമാവധി ശ്രമിക്കുകയാണെന്ന് കെ സി വേണുഗോപാൽ പറഞ്ഞു. വികസനത്തിന്റെയും കരുതലിന്റെയും പുതിയ കാലഘട്ടത്തിലേക്ക് കേരളത്തെ നയിക്കാൻ പുതിയ സർക്കാരിന് കഴിയുന്നത് സന്തോഷകരമാണെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ മേഖലകളിലും മാറ്റം പ്രകടമാകുന്നുണ്ടെന്നും പാവങ്ങൾക്ക് കരുതലും അവശത അനുഭവിക്കുന്നവർക്ക് സഹായവും നൽകാൻ സർക്കാരിന് കഴിയുന്നുണ്ടെന്നും കെ സി വേണുഗോപാൽ പറഞ്ഞു. ജനങ്ങളുടെ പ്രതീക്ഷകൾക്കനുസരിച്ച് മുന്നോട്ടുപോകാൻ യുഡിഎഫ് പരമാവധി ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അടുത്ത 25 വർഷത്തേക്ക് സിപിഐഎമ്മിന് തിരിച്ചുവരാൻ കഴിയാത്ത വിധം യുഡിഎഫ് ഭരിക്കണമെന്നും കെ സി വേണുഗോപാൽ പറഞ്ഞു. സിപിഐഎം ഇനി രക്ഷപ്പെടുമെന്ന് തോന്നുന്നില്ലെന്നും യുഡിഎഫ് ഒത്തൊരുമിച്ച് പ്രവർത്തിച്ചാൽ അടുത്ത 25 വർഷവും കേരളം ഭരിക്കാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, സംസ്ഥാനത്തെ മഴക്കെടുതിയിൽ 28ഓളം പേർ മരിക്കുകയും മൂന്ന് പേരെ കാണാതാവുകയും ചെയ്തിരുന്നു. വിവിധയിടങ്ങളിൽ വീടുകൾ പൂർണമായും ഭാഗികമായും തകർന്നു. ആറന്മുളയിലുണ്ടായ മിന്നൽപ്രളയം ജനജീവിതത്തെ ദുരിതത്തിലാക്കി. കുട്ടനാട്ടിലും സമാനമായ സാഹചര്യമുണ്ടായി. വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് നിരവധി കുടുംബങ്ങൾക്ക് ആഴ്ചകളോളം ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയേണ്ടിവന്നു.

എറണാകുളം, ഇടുക്കി, കോട്ടയം, കൊല്ലം, കോഴിക്കോട് തുടങ്ങിയ ജില്ലകളിൽ നിന്നുള്ളവർക്കും ദിവസങ്ങളോളം ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയേണ്ടിവന്നു. മഴ ശക്തമാകുന്നതുമായി ബന്ധപ്പെട്ട് സർക്കാർ കൃത്യമായ മുന്നറിയിപ്പ് നൽകിയില്ലെന്നായിരുന്നു പ്രതിപക്ഷത്തിന്റെ പ്രധാന വിമർശനം. മുന്നറിയിപ്പിലെ വീഴ്ച ദുരന്തത്തിന്റെ ആഘാതം വർധിപ്പിച്ചതായും പ്രതിപക്ഷം ആരോപിച്ചിരുന്നു.

Files

You may also like