തിരുവനന്തപുരം: കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ വീണ്ടും ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തു. ആർഎസ്എസ് തിരുവനന്തപുരം ഗ്രാമജില്ല സംഘടിപ്പിച്ച ‘സങ്കൽപ്പ് 2026 യുവ സംഗമ’ത്തിലാണ് അദ്ദേഹം പങ്കെടുത്തത്. പരിപാടിയിൽ സ്വാതന്ത്ര്യദിന സന്ദേശവും മോഹനൻ കുന്നുമ്മൽ നൽകി. പരിപാടിയിൽ പങ്കെടുക്കാൻ കഴിഞ്ഞത് ഭാഗ്യമാണെന്നും അദ്ദേഹം പ്രതികരിച്ചു.
ലോകത്ത് ഏറ്റവും കൂടുതൽ യുവാക്കളുള്ള രാജ്യമാണ് ഇന്ത്യയെന്ന് മോഹനൻ കുന്നുമ്മൽ പറഞ്ഞു. മൂന്ന് വയസ് മുതൽ പഠനം ആരംഭിക്കണമെന്നാണ് ദേശീയ വിദ്യാഭ്യാസ നയം നിർദേശിക്കുന്നതെന്നും ആ പ്രായത്തിലാണ് തലച്ചോർ ഏറ്റവും കൂടുതൽ വികസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്കൂളുകളിൽ കളിക്കളങ്ങൾ ഇല്ലാതാകുകയും മൈതാനങ്ങൾ മാളുകളായി മാറുകയും ചെയ്തതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
യുവാക്കളെ മയക്കുമരുന്നിന് അടിമകളാക്കുന്നതാണ് രാജ്യം നേരിടുന്ന വലിയ ഭീഷണികളിലൊന്നെന്നും നല്ലവരായ യുവാക്കളെ മനഃപൂർവം ലഹരിക്ക് അടിമകളാക്കാൻ ശ്രമം നടക്കുന്നതായും മോഹനൻ കുന്നുമ്മൽ പറഞ്ഞു. രാജ്യത്തിന്റെ ശത്രുക്കൾ യുവാക്കളെ വഴിതെറ്റിച്ച് നല്ലവരെ ചതിക്കുഴിയിൽപ്പെടുത്താൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
കശ്മീരിൽ കടന്നുകയറാൻ ശ്രമിച്ച അയൽവാസികളെ ‘പപ്പടമാക്കി’ എന്ന പരാമർശവും അദ്ദേഹം നടത്തി. ഒരു കാരണവശാലും ഇന്ത്യയിലേക്ക് കടന്നുവരാൻ കഴിയില്ലെന്ന് അവർക്കറിയാമെന്നും അതിനാലാണ് യുവാക്കളെ വഴിതെറ്റിക്കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കുഞ്ഞുങ്ങളെ ഭാരതമാതാവാണ് കുടുംബങ്ങൾക്ക് ഏൽപ്പിച്ചിരിക്കുന്നതെന്നും വികസിത ഭാരതത്തിനായി അവരെ വളർത്തേണ്ട ഉത്തരവാദിത്തമുണ്ടെന്നും മോഹനൻ കുന്നുമ്മൽ പറഞ്ഞു.
ഭാരതം അമ്മയായതിനാലാണ് ‘വന്ദേമാതരം’ പാടുന്നതെന്നും അമ്മ ആരാണെന്ന് അറിയാത്തവരാണ് വന്ദേമാതരത്തെ എതിർക്കുന്നതെന്നുമുള്ള പരാമർശവും അദ്ദേഹം നടത്തി. ‘വന്ദേമാതരം’ എന്ന് പറഞ്ഞാണ് മോഹനൻ കുന്നുമ്മൽ പ്രസംഗം അവസാനിപ്പിച്ചത്.
മുൻപും മോഹനൻ കുന്നുമ്മൽ സംഘപരിവാർ പരിപാടികളിൽ പങ്കെടുത്തത് വിവാദമായിരുന്നു. ജൂൺ 13ന് തിരുവനന്തപുരത്തെ ഉദയ കൺവെൻഷനിൽ നടന്ന ‘സംഘപരിവാറിന്റെ നൂറ് വർഷങ്ങൾ’ എന്ന പരിപാടിയിൽ അദ്ദേഹം പങ്കെടുത്തിരുന്നു. ആർഎസ്എസ് മേധാവി മോഹൻ ഭാഗവതും പരിപാടിയിൽ പങ്കെടുത്തിരുന്നു. പരിപാടിയിൽ മാധ്യമങ്ങൾക്ക് പൂർണ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
ജൂലൈ 27ന് കൊച്ചിയിൽ സംഘപരിവാർ സംഘടിപ്പിച്ച പരിപാടിയിലും മോഹനൻ കുന്നുമ്മൽ പങ്കെടുത്തു. നാല് വൈസ് ചാൻസലർമാരും അദ്ദേഹത്തോടൊപ്പം പരിപാടിയിൽ പങ്കെടുത്തിരുന്നു. മോഹൻ ഭാഗവതും അന്നത്തെ പരിപാടിയിൽ പങ്കെടുത്തിരുന്നു.
