കൊല്ലം: സ്വത്തുതർക്കത്തെ തുടർന്ന് 61കാരിയായ വയോധികയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച സംഭവത്തിൽ ചെറുമകൾ പൊലീസ് പിടിയിൽ. ആയൂർ സ്വദേശി അമൃത (18)യെയാണ് ചടയമംഗലം പൊലീസ് പിടികൂടിയത്. മാതാവ് അശ്വതി (37) പറഞ്ഞതനുസരിച്ചാണ് രാധാമണിയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ചതെന്ന് അമൃത പൊലീസിന് മൊഴി നൽകി. അശ്വതി ഇപ്പോഴും ഒളിവിലാണ്.
ഈ മാസം 26നാണ് ആയൂർ ഇടമുളയ്ക്കൽ സ്വദേശിയായ രാധാമണി (61)ക്ക് പൊള്ളലേറ്റത്. സിറ്റൗട്ടിലിരിക്കുകയായിരുന്ന രാധാമണിയുടെ മുഖത്തേക്ക് അമൃത തിളച്ച വെള്ളം ഒഴിക്കുകയായിരുന്നു. മുഖത്തും കഴുത്തിലും ഗുരുതരമായി പൊള്ളലേറ്റ രാധാമണി കടയ്ക്കലിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിന് പിന്നാലെ അന്നുതന്നെ രാത്രി അശ്വതി മകളെ ഭർത്താവിന്റെ വീട്ടിൽ കൊണ്ടുചെന്നാക്കി. അവിടെ നിന്നാണ് അമൃതയെ പൊലീസ് പിടികൂടിയത്. അശ്വതി എവിടെയാണെന്ന് കണ്ടെത്താനുള്ള ശ്രമം പൊലീസ് തുടരുകയാണ്. അന്വേഷണം തിരുവനന്തപുരത്തേക്കുൾപ്പെടെ വ്യാപിപ്പിച്ചിട്ടുണ്ട്.
കേസിൽ അമൃതയാണ് ഒന്നാം പ്രതി. അശ്വതി വെള്ളം തിളപ്പിച്ച് പാത്രത്തിലാക്കി വച്ചശേഷം രാധാമണിയുടെ ദേഹത്തേക്ക് ഒഴിക്കാൻ തന്നോട് ആവശ്യപ്പെട്ടെന്നാണ് അമൃതയുടെ മൊഴി.
‘അശ്വതി അച്ചു’ എന്നറിയപ്പെടുന്ന അശ്വതി ഹണി ട്രാപ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണെന്നും പൊലീസ് പറയുന്നു.
