കൊച്ചി: മുണ്ടംവേലി പി ആൻഡ് ടി ഫ്ലാറ്റ് സമുച്ചയത്തിലെ നിർമാണ അപാകതകളിലും സാമ്പത്തിക ക്രമക്കേടുകളിലും വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ. ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്താൻ ആഭ്യന്തര വകുപ്പ് നിർദേശം നൽകി. വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിലെ കണ്ടെത്തലുകളുടെയും സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടുകളുടെയും അടിസ്ഥാനത്തിലാണ് നടപടി.
ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി നിർമിച്ച ഫ്ലാറ്റ് സമുച്ചയത്തിലാണ് ഗുരുതര നിർമാണ തകരാറുകൾ കണ്ടെത്തിയത്. ഫ്ലാറ്റ് നിർമിച്ച് ഒരു വർഷത്തിനുള്ളിൽ തന്നെ വാസയോഗ്യമല്ലാതായെന്നടക്കം നിരവധി പരാതികളാണ് ഉയർന്നത്. നിർമാണത്തിലെ അപാകതകൾക്കും ജിസിഡിഎയുടെ ഭാഗത്തുണ്ടായ ഗുരുതര വീഴ്ചകൾക്കുമെതിരെ താമസക്കാർ പ്രതിഷേധിച്ചിരുന്നു. ജിസിഡിഎയിൽ അഴിമതി നടന്നെന്നും കരാർ നടപടികളിൽ വീഴ്ചയുണ്ടായെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം.
മുണ്ടംവേലി പി ആൻഡ് ടി ഫ്ലാറ്റ് നിർമാണത്തിലെ അപാകതകൾ മുഹമ്മദ് ഷിയാസ് എംഎൽഎ നിയമസഭയിൽ ഉന്നയിച്ചിരുന്നു. വിഷയം ചർച്ച ചെയ്തപ്പോൾ മുണ്ടംവേലി ഫ്ലാറ്റ് പൊളിച്ചുനീക്കണമെന്ന നിലപാടാണ് വിഡി സതീശൻ വ്യക്തമാക്കിയിരുന്നത്.
2024ൽ ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി നിർമിച്ച ഫ്ലാറ്റിലാണ് ഗുരുതരമായ നിർമാണ തകരാറുകൾ കണ്ടെത്തിയത്. താമസം ആരംഭിച്ച് രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ ഫ്ലാറ്റിൽ കനത്ത ചോർച്ചയുണ്ടായതടക്കമുള്ള പരാതികളുമായി താമസക്കാർ നിരന്തരം രംഗത്തെത്തിയിരുന്നു.
തുടർന്നാണ് വിഷയത്തിൽ സർക്കാർ കർശന നടപടിയിലേക്ക് കടന്നത്. ഫ്ലാറ്റിലെ നിർമാണ അപാകതകൾ വ്യക്തമായ സാഹചര്യത്തിൽ താമസക്കാരെ മറ്റൊരിടത്തേക്ക് മാറ്റിപ്പാർപ്പിക്കുന്നതും സർക്കാർ പരിശോധിച്ചുവരികയാണ്.
