Home Keralaസ്ത്രീകൾക്ക് ഏത് സമയത്തും നിർഭയമായി പുറത്തിറങ്ങാം; കേരളത്തെ രാജ്യത്തിന് മാതൃകയാക്കുകയാണ് ലക്ഷ്യം: മുഖ്യമന്ത്രി

സ്ത്രീകൾക്ക് ഏത് സമയത്തും നിർഭയമായി പുറത്തിറങ്ങാം; കേരളത്തെ രാജ്യത്തിന് മാതൃകയാക്കുകയാണ് ലക്ഷ്യം: മുഖ്യമന്ത്രി

by news_desk1
0 comments

തിരുവനന്തപുരം: സ്ത്രീകൾക്ക് ഏത് സമയത്തും നിർഭയമായി പുറത്തിറങ്ങി നടക്കാൻ കഴിയുന്ന അന്തരീക്ഷം സൃഷ്ടിച്ച് കേരളത്തെ രാജ്യത്തിന് തന്നെ മാതൃകയാക്കുകയാണ് പ്രധാന ലക്ഷ്യമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘റീസർജ് – സെയ്ഫ് വിമൺ, സെയ്ഫ് കേരള – ഫ്രീഡം അറ്റ് മിഡ്‌നൈറ്റ്’ രാത്രികാല വനിതാ സംഗമം പാളയം കണ്ണിമേറ മാർക്കറ്റിന് മുന്നിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സ്വാതന്ത്ര്യദിനത്തിന്റെ തലേന്ന് തലസ്ഥാന നഗരിയിൽ സ്ത്രീകൾ ഒത്തുചേരുന്നത് സമൂഹത്തിന് വലിയ സന്ദേശമാണ് നൽകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാമൂഹിക മാറ്റത്തിനും സാമൂഹിക-സാമ്പത്തിക വികസനത്തിനും സ്ത്രീകൾക്ക് നിർണായക പങ്ക് വഹിക്കാനുണ്ടെന്ന പ്രഖ്യാപനം കൂടിയാണ് ഈ കൂട്ടായ്മയെന്നും അദ്ദേഹം പറഞ്ഞു.

പുതുയുഗ കേരളം കെട്ടിപ്പടുക്കുന്നതിൽ സ്ത്രീകളുടെ സംഭാവന നിർണായകമാണെന്നും അതിന് സർക്കാരിന് എല്ലാവരുടെയും പിന്തുണ ആവശ്യമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേരളത്തിലെ എല്ലാ സ്ത്രീകളെയും സ്വയംപര്യാപ്തരാക്കുകയും ആരെയും ആശ്രയിക്കാതെ സ്വയംതൊഴിൽ കണ്ടെത്തി വരുമാനം നേടാനുള്ള സാഹചര്യം ഒരുക്കുകയും ചെയ്യുകയാണ് പുതുയുഗ കേരളത്തിന്റെ ലക്ഷ്യമെന്നും ഈ സംഗമം അതിന് തുടക്കമാകട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന സമത്വവും അവകാശങ്ങളും യാഥാർഥ്യമാക്കാനും സ്ത്രീകളെ അടുക്കളയിൽ നിന്ന് പൊതുയിടങ്ങളിലേക്ക് എത്തിക്കാനും നിരന്തരമായ പോരാട്ടങ്ങൾ നടന്നിട്ടുണ്ടെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച വനിതാ ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. അവകാശങ്ങളുടെ കാര്യത്തിൽ മുന്നിലുള്ള കേരളത്തിലും സ്ത്രീകൾക്ക് രാത്രികൾ പലപ്പോഴും അന്യമായ സാഹചര്യമാണുള്ളത്. രാത്രികളും സ്ത്രീകൾക്ക് അവകാശപ്പെട്ടതാണെന്ന പ്രഖ്യാപനമാണ് പരിപാടിയിലൂടെ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.

ആഗസ്റ്റ് 14 രാത്രി 9.30 മുതൽ 15ന് പുലർച്ചെ ഒന്നു വരെ പാളയം കണ്ണിമേറ മാർക്കറ്റ് മുതൽ ആയുർവേദ കോളേജ് ജംഗ്ഷൻ വരെയായിരുന്നു കൂട്ടായ്മ. തെരുവുനടത്തം, സാംസ്‌കാരിക പരിപാടികൾ, ലൈവ് ആർട്ട്, ബൈക്ക്-സൈക്കിൾ റാലികൾ, സ്കേറ്റിംഗ്, കളരിപ്പയറ്റ്, വനിതാ പൊലീസിന്റെ സ്വയരക്ഷാ പരിശീലനം, സൂംബ സെഷൻ തുടങ്ങിയ പരിപാടികളും സംഘടിപ്പിച്ചു.

പട്ടികജാതി പട്ടികവർഗ പിന്നാക്ക വിഭാഗ വികസന വകുപ്പ് മന്ത്രി കെ എ തുളസി, തിരുവനന്തപുരം കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ ആശാ നാഥ്, കൗൺസിലർ ഷേർളി, വനിതാ ശിശു വികസന വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ഷീബ ജോർജ്, ഡയറക്ടർ വി വിഘ്നേശ്വരി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

You may also like