Home Top Storiesരാജ്യം 80-ാം സ്വാതന്ത്ര്യദിനാഘോഷത്തിൽ; ചെങ്കോട്ടയിൽ പ്രധാനമന്ത്രി പതാക ഉയർത്തി, ചരിത്രത്തിലാദ്യമായി വന്ദേമാതരം

രാജ്യം 80-ാം സ്വാതന്ത്ര്യദിനാഘോഷത്തിൽ; ചെങ്കോട്ടയിൽ പ്രധാനമന്ത്രി പതാക ഉയർത്തി, ചരിത്രത്തിലാദ്യമായി വന്ദേമാതരം

by news_desk1
0 comments

ദില്ലി: 80-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ നിറവിൽ രാജ്യം. പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ ദേശീയപതാക ഉയർത്തി. ചരിത്രത്തിലാദ്യമായി ചെങ്കോട്ടയിൽ വന്ദേമാതരം ആലപിച്ചു. ധീരരായ സ്വാതന്ത്ര്യസമര സേനാനികൾക്ക് ആദരമർപ്പിച്ചുകൊണ്ടാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചത്. എല്ലാ മനസുകളിലും വന്ദേമാതരം മുഴങ്ങുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പുത്തൻ പ്രതീക്ഷകളുമായി രാജ്യം മുന്നേറുകയാണെന്നും ലക്ഷ്യങ്ങൾ പൂർത്തീകരിക്കാനുള്ള യാത്രയിലാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. യാത്ര സഫലമാകുമെന്നും സ്വപ്നങ്ങൾ യാഥാർഥ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. വികസിത ഭാരതം 2047 എന്ന ലക്ഷ്യത്തിലേക്ക് ഇനിയും ഏറെ ദൂരം മുന്നിലുണ്ടെന്നും വലിയ നേട്ടങ്ങൾ കൈവരിക്കാനാകുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

കഴിഞ്ഞ 12 വർഷമായി ദൃഢനിശ്ചയത്തോടെ രാജ്യം പ്രവർത്തിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ദുർബലമായ സമ്പദ്‌വ്യവസ്ഥയിൽ നിന്ന് ഇന്ത്യ ലോകശക്തിയായി മാറിയെന്നും സാങ്കേതിക മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ ഉണ്ടായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഡിജിറ്റൽ രംഗത്തും വലിയ മുന്നേറ്റമുണ്ടായി. ദാരിദ്ര്യനിർമാർജനമെന്ന ലക്ഷ്യത്തിലും രാജ്യം വിജയം കൈവരിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

കാലഹരണപ്പെട്ട നിയമങ്ങൾ ഒഴിവാക്കി നിയമവ്യവസ്ഥ കൂടുതൽ ശക്തവും സുതാര്യവുമാക്കിയെന്നും അടിസ്ഥാന സൗകര്യങ്ങൾ എല്ലാവർക്കും ലഭ്യമാക്കുകയെന്ന ലക്ഷ്യം സാക്ഷാത്കരിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. സ്വയംപര്യാപ്തത പൂർണ അർഥത്തിൽ യാഥാർഥ്യമാകണമെന്നും അതിനായി രാജ്യത്തിന്റെ കാര്യക്ഷമത വർധിപ്പിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. മറ്റ് രാജ്യങ്ങളെ ആശ്രയിക്കാത്ത സാഹചര്യം സൃഷ്ടിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ 12 വർഷത്തിനിടെ ഡിജിറ്റൽ ഇടപാടുകൾ നിരവധി മടങ്ങ് വർധിച്ചു. സെമികണ്ടക്ടർ മേഖലയിലും ഇന്ത്യ വലിയ മുന്നേറ്റം കൈവരിച്ചെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്റർനെറ്റ് ഉപയോക്താക്കളുടെ എണ്ണം നാലിരട്ടിയായി വർധിച്ചു. മൂന്ന് സെമികണ്ടക്ടർ പ്ലാന്റുകൾ യാഥാർഥ്യമാക്കാൻ കഴിഞ്ഞതായും ആണവോർജ മേഖലയിലും ഇന്ത്യ സ്വന്തം ശക്തി നേടിയതായും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

You may also like