ദില്ലി: രാഷ്ട്രപതി ദ്രൗപതി മുര്‍മു പ്രഖ്യാപിച്ച സൈനിക മെഡലുകളില്‍ മലയാളി സൈനിക ഉദ്യോഗസ്ഥന് മേജര്‍ തരുൺ വാസുദേവനും ശൗര്യചക്ര. ജമ്മുകശ്മീരില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം തകര്‍ത്ത ഓപ്പറേഷനില്‍ ധീരമായ സേവനം കാഴ്ചവെച്ചതിനാണ് മേജര്‍ തരുണിന് രാജ്യത്തിന്റെ പരമോന്നത സമാധാനകാല ധീരതാ ബഹുമതികളിലൊന്നായ ശൗര്യചക്ര ലഭിച്ചത്. റിട്ട. കേണല്‍ എ.കെ. വാസുദേവനാണ് തരുണിന്റെ പിതാവ്.
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രതിരോധ സേനയിലെയും കേന്ദ്ര സായുധ പൊലീസ് സേനയിലെയും ഉദ്യോഗസ്ഥര്‍ക്ക് 13 മരണാനന്തര ബഹുമതികള്‍ ഉള്‍പ്പെടെ 78 ധീരതാ പുരസ്കാരങ്ങളാണ് രാഷ്ട്രപതി പ്രഖ്യാപിച്ചത്. 19 പേര്‍ക്ക് ശൗര്യചക്രയും 36 പേര്‍ക്ക് ധീരതയ്ക്കുള്ള സേനാ മെഡലുകളും ലഭിക്കും.
ഒമ്പത് കീര്ത്തിചക്രകളില് ഏഴെണ്ണം മരണാനന്തര ബഹുമതിയാണ്. മണിപ്പൂരിലെ ഭീകരാക്രമണത്തെ നേരിട്ട ലഫ്. കേണല്‍ മനിയോ ഫ്രാന്‍സിസിന് കീര്‍ത്തിചക്ര ലഭിച്ചു. കിഷ്ത്വാര്‍ ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച ഹവില്‍ദാര്‍ ഗജേന്ദ്ര സിംഗിനും കത്വ ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച ജമ്മുകശ്മീര്‍ പൊലീസിലെ ആറ് ഉദ്യോഗസ്ഥര്‍ക്കും കീര്‍ത്തിചക്ര നല്കി രാജ്യം ആദരിച്ചു.
