Home Top Storiesവി ഡി സതീശന്റെ 2025ലെ ഇഫ്താറിൽ മുഹമ്മദ് ഹുസൈനും; ക്ഷണിക്കപ്പെട്ട അതിഥികൾ മാത്രമാണ് പങ്കെടുത്തത്

വി ഡി സതീശന്റെ 2025ലെ ഇഫ്താറിൽ മുഹമ്മദ് ഹുസൈനും; ക്ഷണിക്കപ്പെട്ട അതിഥികൾ മാത്രമാണ് പങ്കെടുത്തത്

by news_desk1
0 comments

കോഴിക്കോട്: 2025ൽ കോഴിക്കോട് വി ഡി സതീശൻ സംഘടിപ്പിച്ച ഇഫ്താർ വിരുന്നിലേക്ക് കാസർകോട് എംഡിഎംഎ കേസിൽ അറസ്റ്റിലായ കെ. എച്ച്. മുഹമ്മദ് ഹുസൈനും ക്ഷണം ലഭിച്ചതായി വിവരം. ക്ഷണിക്കപ്പെട്ട അതിഥികൾ മാത്രം പങ്കെടുത്ത പരിപാടിയിൽ മുഹമ്മദ് ഹുസൈൻ എത്തിയതിന്റെ ചിത്രങ്ങളും പുറത്തുവന്നു. വി ഡി സതീശനും മുഹമ്മദ് ഹുസൈനും തമ്മിൽ അടുത്ത ബന്ധമുണ്ടെന്ന സൂചന നൽകുന്നതാണ് ചിത്രങ്ങളെന്നാണ് വിലയിരുത്തൽ.

വി ഡി സതീശൻ പ്രതിപക്ഷ നേതാവായിരിക്കെയാണ് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചത്. മുസ്ലിം ലീഗിലെ ഉന്നത നേതാക്കളടക്കം പങ്കെടുത്ത പരിപാടിയിൽ വി ഡി സതീശന് പുറമെ മലബാറിന് പുറത്തുനിന്ന് പങ്കെടുത്ത ഏക വ്യക്തി മുഹമ്മദ് ഹുസൈനായിരുന്നുവെന്നും വിവരമുണ്ട്. 2025 മാർച്ച് 22നാണ് പരിപാടി സംഘടിപ്പിച്ചത്.

മുഹമ്മദ് ഹുസൈനെയും അബ്ദുൽ സലാമിനെയും നേരിട്ട് അറിയാമെന്നും നവകേരള സദസ്സുമായി ബന്ധപ്പെട്ട ലാത്തിച്ചാർജിൽ മുഹമ്മദ് ഹുസൈന് ക്രൂരമായി പരിക്കേറ്റപ്പോൾ ഫോണിൽ വിളിച്ച് ആശ്വസിപ്പിച്ചിരുന്നുവെന്നും വി ഡി സതീശൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിൽ മുഹമ്മദ് ഹുസൈനാണ് ഇഫ്താർ വിരുന്നിലേക്ക് ക്ഷണം ലഭിച്ചത്.

തനിക്ക് സോഷ്യൽ മീഡിയ ടീം ഇല്ലെന്നും ലഹരിവസ്തുക്കളുമായി പിടിയിലായ മുഹമ്മദ് ഹുസൈൻ തന്റെ സോഷ്യൽ മീഡിയ കോർഡിനേറ്ററല്ലെന്നും വി ഡി സതീശൻ വ്യക്തമാക്കിയിരുന്നു. അതേസമയം, രാഷ്ട്രീയ ബന്ധം ഉപയോഗിച്ചാണ് ലഹരിക്കടത്ത് സംഘം പൊലീസ് പരിശോധനകൾ ഒഴിവാക്കിയതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.

കാസർകോട്–കണ്ണൂർ അതിർത്തിയായ കാലിക്കടവിൽ 140 ഗ്രാം എംഡിഎംഎയുമായി പിടിയിലായ സംഘമാണ് കേസിൽ അറസ്റ്റിലായത്. കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ വിതരണം നടത്തിയ ശേഷം കാസർകോട്ടെ ഏജന്റുമാർക്ക് എംഡിഎംഎ എത്തിക്കുന്നതിനിടെയാണ് സംഘം പിടിയിലായതെന്നാണ് വിവരം.

യാത്രയ്ക്കിടെ വിവിധ സ്ഥലങ്ങളിൽ പൊലീസ് പരിശോധനയ്ക്കായി വാഹനം തടഞ്ഞിരുന്നെങ്കിലും പ്രതികളിലൊരാളായ കെ. എച്ച്. മുഹമ്മദ് ഹുസൈൻ വാഹനത്തിൽ നിന്ന് പുറത്തിറങ്ങി പൊലീസ് ഉദ്യോഗസ്ഥരോട് തന്റെ രാഷ്ട്രീയ ബന്ധം ചൂണ്ടിക്കാട്ടി വിശദീകരണം നടത്തിയിരുന്നുവെന്നാണ് ആരോപണം.

You may also like