ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്ത് ഉയർന്നിരിക്കുന്ന പാചകവാതക പ്രതിസന്ധി നേരിടുന്നതിനായി സംസ്ഥാനങ്ങൾക്ക് 40,000 കിലോലിറ്റർ അധിക മണ്ണെണ്ണ അനുവദിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. എൽപിജി ക്ഷാമം മൂലമുള്ള ബുദ്ധിമുട്ടുകൾ കുറയ്ക്കുന്നതിനായാണ് നടപടി.
സംസ്ഥാന സർക്കാരുകളുടെ ആവശ്യപ്രകാരം തിരഞ്ഞെടുത്ത ഉപഭോക്താക്കൾക്ക് വാണിജ്യ പാചകവാതക സിലിണ്ടറുകൾ നൽകുന്നതിനും തീരുമാനിച്ചതായി പെട്രോളിയം മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി സുജാത ശർമ അറിയിച്ചു. രാജ്യത്ത് ക്രൂഡ് ഓയിൽ വിതരണത്തിൽ പ്രശ്‌നങ്ങളൊന്നുമില്ലെന്നും ഒരു ലക്ഷം പെട്രോൾ പമ്പുകളിലും ഇന്ധന ക്ഷാമം ഉണ്ടാകില്ലെന്നും അവർ വ്യക്തമാക്കി.
ഇതിനിടെ രാജ്യത്തെ ഗ്രാമപ്രദേശങ്ങളിൽ എൽപിജി സിലിണ്ടർ ബുക്കിങ് ഇടവേള 45 ദിവസമായി ഉയർത്തി. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ തുടരുന്നതിനാൽ ഇന്ധന ലഭ്യതയിൽ സമ്മർദം വർധിച്ചതിനെ തുടർന്നാണ് തീരുമാനം. നഗര മേഖലകളിൽ ബുക്കിങ് ഇടവേള നിലവിലുള്ള 25 ദിവസമായി തുടരും. പുതിയ ക്രമീകരണം ഇന്നലെ അർധരാത്രി മുതൽ പ്രാബല്യത്തിൽ വന്നതായി അധികൃതർ അറിയിച്ചു.
വാണിജ്യ സിലിണ്ടറുകളുടെ ലഭ്യത കുറയുന്നതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഹോട്ടലുകൾ അടച്ചുപൂട്ടുന്ന സാഹചര്യം തുടരുകയാണ്. കേരളത്തിൽ കഴിഞ്ഞ ദിവസം മാത്രം ഏകദേശം 20 ശതമാനം ഹോട്ടലുകൾ പ്രവർത്തനം നിർത്തിയതായി കണക്കുകൾ സൂചിപ്പിക്കുന്നു.

