ക്രിക്കറ്റ് ചരിത്രത്തിൽ ഓഗസ്റ്റ് 14ന് എന്നും സുവർണപ്രാധാന്യമുണ്ട്. 36 വർഷങ്ങൾക്ക് മുമ്പ്, 1990 ഓഗസ്റ്റ് 14നാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ തന്റെ ആദ്യ അന്താരാഷ്ട്ര സെഞ്ച്വറി നേടിയത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിൽ മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോർഡിൽ പുറത്താകാതെ 119 റൺസാണ് സച്ചിൻ നേടിയത്. അന്ന് സച്ചിന്റെ പ്രായം വെറും 17 വയസും 112 ദിവസവും.
ഇന്ത്യ തോൽവി നേരിട്ടിരുന്ന ഘട്ടത്തിലാണ് സച്ചിൻ രക്ഷകനായി മാറിയത്. ഇംഗ്ലണ്ട് ഉയർത്തിയ 408 റൺസ് എന്ന കൂറ്റൻ ലക്ഷ്യം പിന്തുടർന്ന ഇന്ത്യ തകർച്ച നേരിട്ടു. ആറ് വിക്കറ്റ് നഷ്ടത്തിൽ 183 റൺസ് എന്ന നിലയിൽ ഇന്ത്യൻ ക്യാമ്പിൽ നിരാശ പടർന്നിരുന്നു. എന്നാൽ, ക്രീസിലുണ്ടായിരുന്ന പതിനേഴുകാരൻ പിന്നീട് ക്രിക്കറ്റ് ലോകം കീഴടക്കാനിരുന്ന ഇതിഹാസമാണെന്ന് അന്ന് ആരും കരുതിയിരിക്കില്ല.
മനോജ് പ്രഭാകറിനൊപ്പം ചേർന്നാണ് സച്ചിൻ നിർണായക ഇന്നിംഗ്സ് കളിച്ചത്. ഇരുവരും ചേർന്ന് നടത്തിയ ചെറുത്തുനിൽപ്പ് ഇന്ത്യയെ തോൽവിയിൽ നിന്ന് രക്ഷിച്ചു. തന്റെ ആദ്യ അന്താരാഷ്ട്ര സെഞ്ച്വറി പൂർത്തിയാക്കിയ സച്ചിൻ ബാറ്റ് ആകാശത്തേക്ക് ഉയർത്തി പ്രാർഥനയോടെ തന്റെ ഗുരുക്കന്മാരെ സ്മരിച്ച നിമിഷവും ക്രിക്കറ്റ് ചരിത്രത്തിലെ ശ്രദ്ധേയമായ മുഹൂർത്തമായി.
ഏകദിന ക്രിക്കറ്റിൽ സച്ചിൻ ആദ്യ സെഞ്ച്വറി നേടിയത് പിന്നീട് നാല് വർഷം കഴിഞ്ഞാണ്. 1994 സെപ്റ്റംബർ 9ന് സിംഗർ വേൾഡ് സീരീസിൽ ഓസ്ട്രേലിയക്കെതിരെയായിരുന്നു ആ നേട്ടം. മത്സരത്തിൽ 110 റൺസ് നേടിയ സച്ചിൻ തന്റെ കരിയറിലെ 79-ാം ഏകദിനത്തിലാണ് ആദ്യ സെഞ്ച്വറി സ്വന്തമാക്കിയത്. ഓപ്പണറായി ഇറങ്ങിയ താരം 130 പന്തിൽ നേടിയ ഈ പ്രകടനത്തിലൂടെ ഇന്ത്യക്ക് വിജയം സമ്മാനിക്കുകയും മാൻ ഓഫ് ദ മാച്ചാവുകയും ചെയ്തു.
ടെസ്റ്റിൽ 51 സെഞ്ച്വറികളും ഏകദിനത്തിൽ 49 സെഞ്ച്വറികളും ഉൾപ്പെടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ 100 സെഞ്ച്വറികൾ തികയ്ക്കുന്ന ആദ്യ ബാറ്ററാണ് സച്ചിൻ. ടെസ്റ്റിലും ഏകദിനത്തിലും ഉൾപ്പെടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരവും സച്ചിനാണ്.
ഏറ്റവും കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങൾ, ഏകദിന ക്രിക്കറ്റിലെ ആദ്യ ഇരട്ടസെഞ്ച്വറി, ഏകദിന ലോകകപ്പിലെ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം തുടങ്ങിയ നിരവധി റെക്കോർഡുകളും സച്ചിന്റെ കരിയറിനൊപ്പമുണ്ട്.
