Home Sportsസുരേഷ് ഗോപി ഇടപെട്ടു; ആഭ്യന്തര സീസണിലും ആശ ശോഭന കേരളത്തിനായി

സുരേഷ് ഗോപി ഇടപെട്ടു; ആഭ്യന്തര സീസണിലും ആശ ശോഭന കേരളത്തിനായി

by news_desk1
0 comments

തിരുവനന്തപുരം: പുതിയ ആഭ്യന്തര ക്രിക്കറ്റ് സീസണിലും മലയാളി ഓൾറൗണ്ടർ ആശ ശോഭന കേരളത്തിനായി കളത്തിലിറങ്ങും. റെയിൽവേ ക്യാമ്പിൽ ഉൾപ്പെടുത്തിയിരുന്ന താരത്തിന് കേരള ടീമിനായി കളിക്കാൻ അനുമതി ലഭിച്ചതോടെയാണ് ആശയുടെ തിരിച്ചുവരവ് ഉറപ്പായത്. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഇടപെടലിനെ തുടർന്നാണ് റെയിൽവേസ് അനുമതി നൽകിയതെന്നാണ് റിപ്പോർട്ട്.

നിലവിൽ കേരള വനിതാ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനാണ് ആശ. സ്വന്തം നാടിനായി കളിക്കണമെന്ന താരത്തിന്റെ ആഗ്രഹവും ആശയെ കേരള ടീമിൽ നിലനിർത്തണമെന്ന കേരള ക്രിക്കറ്റ് അസോസിയേഷന്റെ ആവശ്യവും പരിഗണിച്ചാണ് സുരേഷ് ഗോപി വിഷയത്തിൽ ഇടപെട്ടത്. തുടർന്ന് കേരളത്തിനായി കളിക്കാൻ റെയിൽവേസ് ആശയ്ക്ക് അനുമതി നൽകുകയായിരുന്നു.

പുതിയ സീസണിന് ഒരുങ്ങുന്ന കേരള ടീമിന് ആശയുടെ തിരിച്ചുവരവ് ശ്രദ്ധേയമാണ്. സീസണിന്റെ തുടക്കത്തിൽ തന്നെ മികച്ച പ്രകടനമാണ് താരം നടത്തുന്നത്. രണ്ട് മാസം മുൻപ് നടന്ന സീചെം ട്രോഫിയിൽ ആശയുടെ നേതൃത്വത്തിൽ ഇറങ്ങിയ കേരള വനിതാ ടീം ജേതാക്കളായിരുന്നു. ടൂർണമെന്റിൽ ഓൾറൗണ്ട് പ്രകടനം പുറത്തെടുത്ത ആശ രണ്ട് മത്സരങ്ങളിൽ പ്ലെയർ ഓഫ് ദ മാച്ച് പുരസ്കാരവും സ്വന്തമാക്കി.

ലെഗ് സ്പിൻ ഓൾറൗണ്ടറായ ആശ തിരുവനന്തപുരം സ്വദേശിനിയാണ്. കേരളത്തിന്റെ ജൂനിയർ, സീനിയർ ടീമുകളിലൂടെയാണ് താരം ക്രിക്കറ്റ് കരിയർ ആരംഭിച്ചത്. ഒരു പതിറ്റാണ്ടിലേറെയായി കേരള ടീമിന്റെ പ്രധാന താരങ്ങളിലൊരാളായ ആശ റെയിൽവേസ്, പുതുച്ചേരി ടീമുകൾക്കായും ആഭ്യന്തര ക്രിക്കറ്റിൽ കളിച്ചിട്ടുണ്ട്.

ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനത്തിന്റെ കരുത്തിൽ വനിതാ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിലെത്തിയ താരം ടീമിന്റെ കിരീടനേട്ടത്തിലും പങ്കാളിയായി. ഡബ്ല്യു.പി.എല്ലിലെ പ്രകടനമാണ് ആശയ്ക്ക് ഇന്ത്യൻ ദേശീയ ടീമിലേക്കുള്ള വഴി തുറന്നത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിൽ നാല് വിക്കറ്റുകൾ വീഴ്ത്തിയും താരം ശ്രദ്ധേയ പ്രകടനം നടത്തിയിരുന്നു.

You may also like