കമലേടത്തി എന്ന് അടുപ്പമുള്ളവർ വിളിക്കുന്ന എം. കമലം എന്ന നേതാവിനെ ഇന്നത്തെ തലമുറരാഷ്ട്രീയക്കാർ ഓർമ്മയുണ്ടാവില്ല. എം കമലം എന്ന സംശുദ്ധ രാഷ്രീയത്തിനുടമയായ വനിതയുടെ ജന്മശതാബ്ദിയാണിന്ന്.
കമലേടത്തിയും ഇന്ദിരാ ഗാന്ധിയും തമ്മിലുള്ള വൈകാരികമായഅടുപ്പം പലരും ഊന്നിപ്പറയുമ്പോഴും, ഒരു കാര്യം അവ്യക്തമായി തുടരുന്നു. പല അവസരങ്ങളുണ്ടായിട്ടും കോൺഗ്രസിലേക്ക് തിരിച്ചുവരാൻ എന്താണ് കമലേടത്തി വൈകിയത് ?.
അവിടെയാണ് കമലേടത്തി യുടെ ജനാധിപത്യബോധവും മൂല്യാധിഷ്ഠിത രാഷ്ട്രീയവും വെളിവാകുന്നത്. 1969 ലെ കോൺഗ്രസ് പിളർപ്പിൽ കേരളത്തിൽ ചുരുക്കം ചില നേതാക്കൾ മാത്രമാണ് (ആ നേതാക്കൾ തലപ്പൊക്കമുള്ളവരായിരുന്നെങ്കിൽ കൂടി) ഇന്ദിരാഗാന്ധിക്കെതിരെ നിലകൊണ്ടത്. അന്നത്തെ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം കെ.സി. അബ്രഹാം മാസ്റ്റർ,കെ പി സി സി പ്രസിഡൻ്റ് ടി. ഓ. ബാവ , ജനറൽ സെക്രട്ടറിമാരായിരുന്ന കെ ശങ്കര നാരായണൻ, എം. കമലം, എംഎൽ എ അലക്സാണ്ടർ പറമ്പിത്തറ,എന്നിവർ ആയിരുന്നു അത്.
മറു ഭാഗത്ത് കെ. കരുണാകരൻ, എകെ ആൻ്റണി, ഉമ്മൻചാണ്ടി തുടങ്ങിയ യുവനിര മൊത്തം ഇന്ദിരാ ഗാന്ധിക്കൊപ്പമായിരുന്നു. ഇന്ദിരാഗാന്ധിയുമായി ആത്മബന്ധമുണ്ടായിട്ടും കമലേടത്തി മറുപക്ഷത്താണ് നിന്നത് . മാത്രമല്ല കാമരാജ് അന്തരിച്ചതിന് ശേഷം ജി.കെ. മൂപ്പനാരുടെ നേതൃത്വത്തിൽ തമിഴ്‌നാട്ടിലെയും കെ. ശങ്കരനാരായണൻ്റെ നേതൃത്വത്തിൽ കേരളത്തിലെയും സംഘടന കോൺഗ്രസ് പ്രവർത്തകർ കോൺഗ്രസിലേക്ക് മടങ്ങിയപ്പോഴും കമലേടത്തി സംഘടന കോൺഗ്രസിൽ ഉറച്ചു നിന്നു. പിന്നീട് സംഘടനാ കോൺഗ്രസുൾപ്പെടെ ലയിച്ചുണ്ടായ ജനതാ പാർട്ടിയിലും കമലേടത്തി തുടർന്നു. പിന്നീട് ജനതാ പാർട്ടി കേരളത്തിൽ പിളർന്നു. ഒരു വിഭാഗത്തിൻ്റെ നേതൃത്വം കമലേടത്തിക്കും കെ.ഗോപാലനുമായി. 1982 ലെ UDF സർക്കാരിൽ ആ പാർട്ടിയുടെ പ്രതിനിധിയായാണ് കമലേടത്തി സഹകരണ മന്ത്രിയാകുന്നത്. ഒടുവിൽ ഇന്ദിരാഗാന്ധിയുടെ കാലശേഷമാണ് കമലേടത്തിയുടെ ജനതാ പാർട്ടി കോൺഗ്രസിൽ ലയിച്ചത്. കെപിസിസി പ്രസിഡൻ്റായിരുന്ന കെ. സുധാകരൻ എംപി ആ പാർട്ടി വഴിയാണ് കോൺഗ്രസിലെത്തിയത്. എന്നും താൻ ധരിക്കുന്ന തൂവെള്ള സാരിയുടെ നിർമ്മലത പോലെ രാഷ്ട്രീയം കൊണ്ടു നടന്ന കമലേടത്തി യുടെ ഓർമ്മകൾക്ക് മുമ്പിൽ പ്രണാമം
(ലേഖനം: അഡ്വ. കെ.ജെ. റാഫി)
