Home Nationalവിജയ് സർക്കാരിന് ആശ്വാസം; കരൂർ ദുരന്തബാധിതർക്ക് ജോലി നൽകിയ ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് സുപ്രീംകോടതി സ്റ്റേ

വിജയ് സർക്കാരിന് ആശ്വാസം; കരൂർ ദുരന്തബാധിതർക്ക് ജോലി നൽകിയ ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് സുപ്രീംകോടതി സ്റ്റേ

by news_desk1
0 comments

ചെന്നൈ: കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ ജോലി നൽകാനുള്ള മുഖ്യമന്ത്രി വിജയ് സർക്കാരിന്റെ ഉത്തരവ് റദ്ദാക്കിയ മദ്രാസ് ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. ദുരന്തബാധിത കുടുംബങ്ങൾക്ക് ആശ്വാസം നൽകാനുള്ള സർക്കാരിന്റെ നയപരമായ തീരുമാനത്തെ ചോദ്യം ചെയ്യുന്നത് എന്തിനാണെന്നും സുപ്രീംകോടതി ചോദിച്ചു. ജസ്റ്റിസ് ജെ. ബി. പർദിവാല, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

“ഒരു ദുരന്തമുണ്ടാകുകയും ആളുകൾ മരിക്കുകയും ചെയ്യുമ്പോൾ കുടുംബങ്ങൾക്ക് ആശ്വാസവും നഷ്ടപരിഹാരവും നൽകാൻ സർക്കാർ തീരുമാനിച്ചാൽ, ജോലി നൽകരുതെന്ന് പറയാൻ മറ്റുള്ളവർക്ക് എന്ത് അവകാശമാണുള്ളത്? കുടുംബത്തിന്റെ ആശ്രയമായിരുന്നയാൾ ദുരന്തത്തിൽ മരിച്ചാൽ മകനോ മകൾക്കോ ജോലി നൽകാൻ സർക്കാരിന് ഉത്തരവാദിത്തമില്ലേ?” എന്നാണ് കോടതി ചോദിച്ചത്.

കഴിഞ്ഞ സെപ്റ്റംബറിൽ വിജയ് നയിച്ച തമിഴക വെട്രി കഴകത്തിന്റെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും കുട്ടികളടക്കം 41 പേരാണ് കൊല്ലപ്പെട്ടത്. വിജയ് വൈകിയെത്തിയതും ആവശ്യത്തിന് കുടിവെള്ളവും പ്രാഥമിക സൗകര്യങ്ങളും ഇല്ലാതിരുന്നതുമാണ് ദുരന്തത്തിന് കാരണമെന്നാണ് പൊലീസ് കണ്ടെത്തിയത്. എന്നാൽ ആരോപണങ്ങൾ ടിവികെ തള്ളുകയും പൊലീസ് വീഴ്ചയും രാഷ്ട്രീയ ഗൂഢാലോചനയുമാണ് അപകടത്തിന് കാരണമെന്ന് ആരോപിക്കുകയും ചെയ്തു.

കരൂർ ദുരന്തത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലി നൽകാൻ അധികാരത്തിലെത്തിയ ശേഷം മുഖ്യമന്ത്രി വിജയ് തീരുമാനിച്ചിരുന്നു. ജൂലൈ ആദ്യവാരത്തിൽ 32 പേർക്ക് മുഖ്യമന്ത്രി വിജയ് നിയമന ഉത്തരവ് കൈമാറി. ദുരന്തബാധിത കുടുംബങ്ങൾക്ക് സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ആശ്വാസ-പുനരധിവാസ നടപടികളുടെ ഭാഗമായാണ് നിയമനം നൽകിയത്.

എന്നാൽ ഇത് ഭരണഘടനയിലെ ആർട്ടിക്കിൾ 14 പ്രകാരമുള്ള സമത്വത്തിനുള്ള അവകാശത്തിന്റെയും ആർട്ടിക്കിൾ 16 പ്രകാരമുള്ള പൊതു നിയമനങ്ങളിലെ തുല്യാവസരത്തിന്റെയും ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ജൂലൈ 27ന് മദ്രാസ് ഹൈക്കോടതി നിയമനം റദ്ദാക്കുകയായിരുന്നു.

ഇത്തരമൊരു നടപടി സമാനമായ മറ്റ് ദുരന്തങ്ങളിലും ജോലി ആവശ്യപ്പെടാനുള്ള സാഹചര്യം സൃഷ്ടിക്കുമെന്നും ഹൈക്കോടതി വിലയിരുത്തി. വിവിധ സർക്കാർ വകുപ്പുകളിൽ ആശ്രിത നിയമനത്തിനായി വർഷങ്ങളായി കാത്തിരിക്കുന്ന നിരവധി പേരുടെ അവകാശങ്ങൾ മറികടന്ന് ഇത്തരം നിയമനങ്ങൾ നടത്തുന്നത് ഉചിതമല്ലെന്നും ജസ്റ്റിസ് സി. വി. കാർത്തികേയൻ, ജസ്റ്റിസ് ആർ. ശക്തിവേൽ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയിരുന്നു.

എന്നാൽ ഹൈക്കോടതി വിധിക്ക് സുപ്രീംകോടതി സ്റ്റേ അനുവദിച്ചതോടെ വിജയ് സർക്കാരിനും കരൂർ ദുരന്തത്തിൽപ്പെട്ട കുടുംബങ്ങൾക്കും ആശ്വാസമായിരിക്കുകയാണ്.

You may also like