Home Entertainmentവേണ്ട സമയത്തെല്ലാം മമ്മൂട്ടി സഹായിച്ചു; എങ്ങനെ പെരുമാറിയാലും ഹൃദയത്തിൽ നിന്ന് മാറ്റാനാകില്ലെന്ന് പി. ശ്രീകുമാർ

വേണ്ട സമയത്തെല്ലാം മമ്മൂട്ടി സഹായിച്ചു; എങ്ങനെ പെരുമാറിയാലും ഹൃദയത്തിൽ നിന്ന് മാറ്റാനാകില്ലെന്ന് പി. ശ്രീകുമാർ

by news_desk1
0 comments

തിരക്കഥാകൃത്ത്, സംവിധായകൻ, നിർമാതാവ്, നടൻ എന്നീ നിലകളിൽ ശ്രദ്ധേയനായ താരമാണ് പി. ശ്രീകുമാർ. ബിഗ് സ്ക്രീനിലും ടെലിവിഷൻ രംഗത്തുമായി സജീവമായ അദ്ദേഹം 150ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. തന്റെ ജീവിതത്തിലെ ഏറ്റവും മോശം കാലഘട്ടത്തിൽ താങ്ങായി നിന്നത് മമ്മൂട്ടിയാണെന്നും, ഇന്ന് കാണുന്ന നിലയിലേക്ക് എത്താൻ കാരണമായത് അദ്ദേഹമാണെന്നും പി. ശ്രീകുമാർ പറഞ്ഞു. ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ആദ്യ രണ്ട് സിനിമകൾ നിർമിച്ച് സാമ്പത്തികമായി തകർന്നുനിന്ന സമയത്താണ് മമ്മൂട്ടി തന്നെ വിളിച്ച് ‘വിഷ്ണു’ എന്ന സിനിമയ്ക്കായി ഒരു ഡേറ്റ് നൽകാമെന്ന് പറഞ്ഞതെന്ന് ശ്രീകുമാർ പറഞ്ഞു. വാടകവീട്ടിൽ കഴിയുകയായിരുന്ന തനിക്ക് പിടിച്ചുനിൽക്കാൻ വാണിജ്യ സിനിമ ചെയ്യേണ്ട സാഹചര്യമുണ്ടായിരുന്നു. തന്റെ അവസ്ഥ മനസിലാക്കിയ മമ്മൂട്ടിയാണ് സിനിമയ്ക്കായി ഡേറ്റ് നൽകിയത്. സിനിമയുടെ കാര്യങ്ങൾ അദ്ദേഹം തന്നെ സംഘടിപ്പിച്ചെന്നും ശ്രീകുമാർ പറഞ്ഞു.

“ആദ്യത്തെ രണ്ട് സിനിമയെടുത്ത് സാമ്പത്തികമായി തകർന്ന് നിൽക്കുകയായിരുന്നു. പിടിച്ചുനിൽക്കാൻ കമേഴ്ഷ്യൽ സിനിമ എടുത്താലേ ഉള്ളൂ എന്ന അവസ്ഥയിലായി. വാടക വീട്ടിലൊക്കെയാണ് കഴിഞ്ഞിരുന്നത്. അപ്പോഴാണ് വിവരങ്ങളൊക്കെ അറിഞ്ഞിട്ട് മമ്മൂട്ടി വിളിച്ച് ഒരു ഡേറ്റ് തരാം, ഒരു പടം ചെയ്യൂ എന്ന് പറയുന്നത്. അയാളാണ് എല്ലാം സംഘടിപ്പിച്ചത്. നമ്മളെ രക്ഷപ്പെടുത്തിയത് അയാളാണ്.”

മമ്മൂട്ടി തന്നെ സഹായിക്കണമെന്ന ഉദ്ദേശത്തോടെയാണ് സിനിമ ചെയ്തതെന്നും അതിലൂടെ താൻ സാമ്പത്തികമായി തിരിച്ചുവരണമെന്നാണ് അദ്ദേഹം ആഗ്രഹിച്ചതെന്നും ശ്രീകുമാർ പറഞ്ഞു. സിനിമയുടെ ചിത്രീകരണത്തിനിടെ മമ്മൂട്ടിയെ തൂക്കിക്കൊല്ലുന്ന രംഗവുമായി ബന്ധപ്പെട്ട് അവസാനം അഭിപ്രായവ്യത്യാസമുണ്ടായിരുന്നെങ്കിലും ചിത്രം വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞു.

ആ സിനിമയ്ക്ക് ശേഷമാണ് താൻ വീണ്ടും അഭിനയത്തിലേക്ക് തിരിഞ്ഞതെന്നും സാമ്പത്തികമായി മെച്ചപ്പെട്ട് നഷ്ടപ്പെട്ട വസ്തുക്കളെല്ലാം തിരിച്ചെടുക്കാൻ കഴിഞ്ഞതെന്നും ശ്രീകുമാർ പറഞ്ഞു.

“എന്നെ സംബന്ധിച്ച് യേശുക്രിസ്തു ജനിച്ചുവന്ന് തലയിൽ തൊട്ട് അനുഗ്രഹിക്കില്ലേ, അതായിരുന്നു മമ്മൂട്ടി. വേണ്ട സമയത്തൊക്കെ മമ്മൂട്ടി സഹായം ചെയ്തിട്ടുണ്ട്,” ശ്രീകുമാർ പറഞ്ഞു.

മമ്മൂട്ടി സഹായിച്ച സിനിമയിൽനിന്ന് ലഭിച്ച പണം ഉപയോഗിച്ചാണ് തന്റെ മകന് എൻജിനീയറിങ് പഠിക്കാൻ കഴിഞ്ഞതെന്നും ശ്രീകുമാർ പറഞ്ഞു. പഠനം പൂർത്തിയാക്കിയ ഉടൻ മകനെ വിദേശത്തേക്ക് കൊണ്ടുപോകാനും മമ്മൂട്ടി സഹായിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

താൻ ഇന്ന് കാണുന്ന നിലയിലേക്ക് എത്താനുള്ള പ്രധാന വഴിത്തിരിവുകൾ സൃഷ്ടിച്ച വ്യക്തിയാണ് മമ്മൂട്ടിയെന്നും ശ്രീകുമാർ പറഞ്ഞു. “അദ്ദേഹം എങ്ങനെ പെരുമാറിയാലും ഹൃദയത്തിൽ നിന്ന് മാറ്റാൻ ആകില്ല. അയാൾ നമുക്ക് ഒരു ഉപദ്രവവും ചെയ്തിട്ടില്ല,” എന്നും പി. ശ്രീകുമാർ കൂട്ടിച്ചേർത്തു.

You may also like