കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസിൽദാർ പിടിയിലായ സംഭവത്തിൽ നിർണായക വിവരങ്ങൾ വിജിലൻസിന് ലഭിച്ചു. ഉദ്യോഗസ്ഥരും ഏജന്റുമാരും ഉൾപ്പെട്ട വൻ റാക്കറ്റ് കൈക്കൂലി ഇടപാടുകൾക്കായി പ്രവർത്തിച്ചിരുന്നതായാണ് കണ്ടെത്തൽ. റാക്കറ്റ് നേരത്തെയും പലരിൽനിന്ന് പണം തട്ടിയതായാണ് വിവരം. സംഭവത്തിൽ കൂടുതൽ ഉദ്യോഗസ്ഥരിലേക്ക് അന്വേഷണം നീളാൻ സാധ്യതയുണ്ട്.
പല വ്യക്തികളുടെയും റവന്യൂ വിവരങ്ങൾ ഉദ്യോഗസ്ഥർ ഏജന്റുമാർക്ക് ചോർത്തി നൽകിയതായും വ്യക്തമായിട്ടുണ്ട്. പിടിയിലായ ഭൂരേഖ തഹസിൽദാർ ജോസഫ് ആന്റണിയുടെ സ്വത്തുക്കളിലും വിജിലൻസ് വിശദമായ പരിശോധന നടത്തും. പത്ത് ലക്ഷം രൂപ കൈക്കൂലിയായി വാങ്ങുന്നതിനിടെയാണ് ജോസഫ് ആന്റണിയും രണ്ട് ഏജന്റുമാരും പിടിയിലായത്. കൈക്കൂലിയായി ലഭിക്കുന്ന പണം ഇടനിലക്കാർക്കും മറ്റ് ഉദ്യോഗസ്ഥർക്കുമായി വീതിച്ചുനൽകിയിരുന്നതായാണ് കണ്ടെത്തൽ.
2018 മുതൽ കൊച്ചിയിലെ ഒരു ഭൂവുടമ തന്റെ പുരയിടത്തിന് നികുതി അടച്ചുവരികയായിരുന്നു. ഇതിനിടെ ജോസഫ് ആന്റണി ഏജന്റുമാർ മുഖേന പുരയിടം നിലമാണെന്ന് കാണിച്ച് പരാതി നൽകി. പരാതി ഒതുക്കിത്തീർക്കുന്നതിനായി ഭൂവുടമയെ താലൂക്ക് ഓഫീസിലേക്ക് വിളിച്ചുവരുത്തി പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ടു. ഈ തുക വാങ്ങുന്നതിനിടെയാണ് കഴിഞ്ഞ ദിവസം രാത്രി കടവന്ത്രയിൽവച്ച് ജോസഫ് ആന്റണിയെയും ഏജന്റുമാരെയും പിടികൂടിയത്.
ജോസഫ് ആന്റണി നേരത്തെയും പലരിൽനിന്ന് പണം തട്ടിയതായുള്ള വിവരങ്ങളും വിജിലൻസിന് ലഭിച്ചിട്ടുണ്ട്. ഇതിൽ മറ്റ് ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്നാണ് സൂചന. 2015ൽ വ്യാജ പട്ടയം ഉണ്ടാക്കി ഭൂമി തട്ടിയ കേസിൽ കമ്മീഷനായി അഞ്ച് ലക്ഷം രൂപ കൈപ്പറ്റിയെന്ന കേസിൽ ജോസഫ് ആന്റണിയെ കടവന്ത്ര പൊലീസ് പ്രതിചേർത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങളും വിജിലൻസ് ശേഖരിച്ചിട്ടുണ്ട്.
