തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുകൾ ഇന്ന് പ്രഖ്യാപിക്കില്ല. മെഡലിന് അർഹരായവരുടെ പട്ടികയിലെ പരിശോധന പൂർത്തിയാകാത്തതാണ് പ്രഖ്യാപനം മാറ്റിവയ്ക്കാൻ കാരണം. ഇന്ന് പൊലീസ് മെഡലുകൾ പ്രഖ്യാപിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. പട്ടിക പരിശോധിക്കുന്നതിൽ ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച സംഭവിച്ചതായാണ് കണ്ടെത്തൽ.
മാർച്ച് മാസത്തിൽ പൊലീസ് ആസ്ഥാനത്തുനിന്ന് മെഡലിന് അർഹരായവരുടെ പട്ടിക ആഭ്യന്തര വകുപ്പിന് കൈമാറിയിരുന്നു. എന്നാൽ, സമയബന്ധിതമായി പട്ടികയുടെ പരിശോധന പൂർത്തിയാക്കാൻ കഴിഞ്ഞില്ല. പട്ടികയിൽ പരാതി ഉയർന്നതിനെ തുടർന്ന് അത് തിരിച്ചയച്ചിരുന്നെങ്കിലും പിന്നീട് തുടർനടപടികൾ ഉണ്ടായില്ലെന്നാണ് പുറത്തുവരുന്ന വിവരം.
പട്ടിക പരിശോധിച്ച് അംഗീകരിക്കുന്നതിൽ വീഴ്ച സംഭവിച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമായത്. ആഭ്യന്തര സെക്രട്ടറി പട്ടിക അംഗീകരിക്കുന്നതിനുള്ള യോഗം 20ന് ചേരും. അതിന് ശേഷമായിരിക്കും മെഡൽ പ്രഖ്യാപനത്തിൽ തുടർനടപടിയുണ്ടാകുക.
