തിരുവനന്തപുരം: സാമ്പത്തിക വർഷം ആരംഭിച്ച് ആദ്യ നാല് മാസം പിന്നിടുമ്പോഴേക്കും സംസ്ഥാനത്തിന്റെ റവന്യൂ കമ്മി ബജറ്റിൽ പ്രതീക്ഷിച്ചതിന്റെ പകുതിയോളമായി. ജൂലൈ വരെയുള്ള കണക്കുകൾ പ്രകാരം റവന്യൂ കമ്മി 16,862.59 കോടി രൂപയായെന്ന് എ.ജി പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. വരുമാനം വർധിച്ചെങ്കിലും അതിനേക്കാൾ വേഗത്തിൽ ചെലവും ഉയർന്നതാണ് കമ്മി കുതിക്കാൻ കാരണം. സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് ചെലവ് നിയന്ത്രിക്കാൻ ധനവകുപ്പ് വകുപ്പുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
പുതുക്കിയ ബജറ്റിൽ ഈ സാമ്പത്തിക വർഷത്തെ റവന്യൂ കമ്മി 35,355.30 കോടി രൂപയായാണ് കണക്കാക്കിയിരുന്നത്. എന്നാൽ ആദ്യ നാല് മാസം പിന്നിടുമ്പോഴേക്കും അതിന്റെ പകുതിയോളം രേഖപ്പെടുത്തി. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിൽ റവന്യൂ കമ്മി 16,084.72 കോടി രൂപയായിരുന്നു.
ആദ്യ നാല് മാസത്തെ റവന്യൂ വരുമാനം 44,267.52 കോടി രൂപയാണ്. നികുതി വരുമാനം 37,459.66 കോടി രൂപയായി. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ നികുതി വരുമാനത്തിൽ 4,662.97 കോടി രൂപയുടെ വർധനയുണ്ട്.
കേരളത്തിന്റെ ആദ്യ നാല് മാസത്തെ ജിഎസ്ടി വരുമാനം 12,864 കോടി രൂപയാണെന്നാണ് കേന്ദ്രത്തിന്റെ കണക്ക്. സെറ്റിൽമെന്റിന് ശേഷം ഐജിഎസ്ടി വിഹിതം ഉൾപ്പെടെ കഴിഞ്ഞ മാസം 3,161 കോടി രൂപ ലഭിച്ചു. നികുതിയേതര വരുമാനവും വർധിച്ചതായി എ.ജിയുടെ സിവിൽ അക്കൗണ്ടിൽ വ്യക്തമാക്കുന്നു. ഈ ഇനത്തിൽ 6,302.44 കോടി രൂപയാണ് ലഭിച്ചത്.
അതേസമയം, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വരുമാനം ഏകദേശം 5,200 കോടി രൂപ വർധിച്ചപ്പോഴും ചെലവ് ഏകദേശം 6,000 കോടി രൂപ കൂടി. ആദ്യ നാല് മാസത്തെ റവന്യൂ ചെലവ് 61,130.11 കോടി രൂപയാണ്. ഇതോടെയാണ് റവന്യൂ കമ്മിയും ഉയർന്നത്.
നാലു മാസത്തിനിടെ ഗ്രാന്റായി ലഭിച്ചത് 505 കോടി രൂപ മാത്രമാണ്. അതേസമയം 11,932 കോടി രൂപയാണ് ഗ്രാന്റായി പ്രതീക്ഷിച്ചിരുന്നത്. ജീവനക്കാർക്ക് കൃത്യമായി ഡിഎ അനുവദിച്ചാൽ ഈ ഇനത്തിലെ ചെലവും വർധിക്കും.
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നും ചെലവ് വർധിപ്പിക്കരുതെന്നും ധനവകുപ്പ് നേരത്തെ തന്നെ വകുപ്പുകൾക്ക് നിർദേശം നൽകിയിരുന്നു. ലാഭകരമല്ലാത്ത പദ്ധതികൾ ഒഴിവാക്കണമെന്നും നിർദേശമുണ്ട്. അടുത്ത ബജറ്റ് തയ്യാറാക്കുന്നതിനുള്ള സർക്കുലറിലും ചെലവ് നിയന്ത്രിക്കണമെന്ന് ധനവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.
