Home Businessഎൽപിജി സബ്സിഡി വേണമെങ്കിൽ ആധാർ ബയോമെട്രിക് പൂർത്തിയാക്കണം; ഒക്ടോബർ 1 അവസാന തീയതി

എൽപിജി സബ്സിഡി വേണമെങ്കിൽ ആധാർ ബയോമെട്രിക് പൂർത്തിയാക്കണം; ഒക്ടോബർ 1 അവസാന തീയതി

by news_desk1
0 comments

ന്യൂഡൽഹി: ഗാർഹിക എൽപിജി സിലിണ്ടറിന് സബ്സിഡി ലഭിക്കണമെങ്കിൽ ഒക്ടോബർ ഒന്നിനകം ബയോമെട്രിക് ആധാർ ഓതന്റിക്കേഷൻ പൂർത്തിയാക്കണമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം. സെപ്റ്റംബർ 19 വരെയുള്ള കണക്കുപ്രകാരം 27.43 കോടി സജീവ ഗാർഹിക എൽപിജി ഉപഭോക്താക്കൾ, അതായത് 89.9 ശതമാനം പേർ, ഓതന്റിക്കേഷൻ പൂർത്തിയാക്കിയിട്ടുണ്ട്.

ബയോമെട്രിക് ആധാർ ഓതന്റിക്കേഷൻ പൂർത്തിയാക്കാത്തവർക്ക് ഒക്ടോബർ ഒന്നിന് ശേഷം സബ്സിഡിയോടെയുള്ള നിരക്കിൽ റീഫിൽ ബുക്ക് ചെയ്യാൻ ഓതന്റിക്കേഷൻ പൂർത്തിയാക്കേണ്ടിവരും. എന്നാൽ ഓതന്റിക്കേഷൻ ചെയ്തിട്ടില്ലെന്ന കാരണത്താൽ ഗാർഹിക എൽപിജി സേവനം പൂർണമായി നിർത്തില്ല. ഓതന്റിക്കേഷൻ ചെയ്യാൻ കഴിയാത്തതോ താൽപര്യമില്ലാത്തതോ ആയ ഉപഭോക്താക്കൾക്ക് വിപണി വിലയിൽ, ലഭ്യതയ്ക്ക് വിധേയമായി 5 കിലോഗ്രാം അല്ലെങ്കിൽ 10 കിലോഗ്രാം സിലിണ്ടർ ലഭിക്കും.

സിലിണ്ടർ വിതരണം ചെയ്യുന്ന സമയത്ത് ഡെലിവറി ജീവനക്കാരൻ മുഖേനയും, ഗ്യാസ് വിതരണക്കാരുടെ ഷോറൂമിലും, ബന്ധപ്പെട്ട എണ്ണക്കമ്പനികളുടെ മൊബൈൽ ആപ്പുകളിലൂടെയും ബയോമെട്രിക് ആധാർ ഓതന്റിക്കേഷൻ പൂർത്തിയാക്കാം. ഇൻഡെയ്ൻ ഉപഭോക്താക്കൾക്ക് IndianOil ONE, ഭാരത് ഗ്യാസ് ഉപഭോക്താക്കൾക്ക് HelloBPCL, എച്ച്പി ഗ്യാസ് ഉപഭോക്താക്കൾക്ക് HP PAY എന്നീ ആപ്പുകൾ വഴിയും സ്വയം നടപടികൾ പൂർത്തിയാക്കാം.

സ്വയം ഇ-കെവൈസി പൂർത്തിയാക്കുന്നതിനുള്ള വീഡിയോ ട്യൂട്ടോറിയലുകൾ പ്രധാനമന്ത്രി ഉജ്ജ്വല യോജന പോർട്ടലിലും ലഭ്യമാണ്. ഉപഭോക്താക്കൾക്ക് വെബ് പോർട്ടൽ, മൊബൈൽ ആപ്പ്, വാട്ട്‌സാപ്പ് ചാറ്റ്ബോട്ട്, ഐവിആർഎസ് തുടങ്ങിയ ഡിജിറ്റൽ മാർഗങ്ങളിലൂടെ ഓതന്റിക്കേഷൻ സംബന്ധിച്ച തീരുമാനം രജിസ്റ്റർ ചെയ്യാനും കഴിയും.

സബ്സിഡിയുള്ള എൽപിജി യഥാർഥവും അർഹവുമായ കുടുംബങ്ങളിലേക്ക് തന്നെ എത്തുന്നുവെന്ന് ഉറപ്പാക്കുകയാണ് ബയോമെട്രിക് ആധാർ ഓതന്റിക്കേഷന്റെ ലക്ഷ്യമെന്ന് മന്ത്രാലയം അറിയിച്ചു. ഡ്യൂപ്ലിക്കേറ്റ്, അർഹതയില്ലാത്ത കണക്ഷനുകൾ കണ്ടെത്തുന്നതിനും സബ്സിഡിയുള്ള ഗാർഹിക സിലിണ്ടറുകളുടെ വാണിജ്യ ഉപയോഗത്തിലേക്കുള്ള വഴിതിരിച്ചുവിടൽ തടയുന്നതിനും നടപടി സഹായിക്കുമെന്നും കേന്ദ്രം വ്യക്തമാക്കി.

സെപ്റ്റംബർ 19ന് മുമ്പ് പല തവണ സമയപരിധി നീട്ടിയ ശേഷമാണ് ഒക്ടോബർ ഒന്നിനെ അന്തിമ തീയതിയായി നിശ്ചയിച്ചിരിക്കുന്നത്. എൽപിജി സേവനങ്ങളുമായി ബന്ധപ്പെട്ട സഹായത്തിന് 1800 2333 555 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാം.

You may also like