Home Kerala24 മണിക്കൂർ കസ്റ്റഡി കഴിഞ്ഞു; ആന്റോ അഗസ്റ്റിൻ വീണ്ടും ജയിലിൽ, ‘വീട് തന്റെ പേരിലല്ല

24 മണിക്കൂർ കസ്റ്റഡി കഴിഞ്ഞു; ആന്റോ അഗസ്റ്റിൻ വീണ്ടും ജയിലിൽ, ‘വീട് തന്റെ പേരിലല്ല

by news_desk1
0 comments

കൊച്ചി: അബ്കാരി കേസിൽ അറസ്റ്റിലായ ആന്റോ അഗസ്റ്റിന്റെ 24 മണിക്കൂർ കസ്റ്റഡി കാലാവധി അവസാനിച്ചതോടെ വീണ്ടും ജയിലിലടച്ചു. ചോദ്യം ചെയ്യലിലും വാഴവറ്റയിലെ വീട് തന്റെ പേരിലല്ലെന്നും പിടിച്ചെടുത്ത മദ്യത്തെക്കുറിച്ച് അറിയില്ലെന്നും ആന്റോ ആവർത്തിച്ചു. അതേസമയം, വീട് ആന്റോയുടെ പേരിലാണെന്ന് തെളിയിക്കുന്ന കൂടുതൽ രേഖകൾ ശേഖരിക്കുകയാണ് എക്സൈസ്.

അനുവദനീയമായതിലും അധികം മദ്യം സൂക്ഷിച്ച കേസിലാണ് ആന്റോ അഗസ്റ്റിനെ ബത്തേരി കോടതി 24 മണിക്കൂർ കസ്റ്റഡിയിൽ വിട്ടത്. ചോദ്യം ചെയ്യലിനിടെ കോടതിയിൽ നേരത്തെ ഉന്നയിച്ച വാദങ്ങൾ തന്നെയാണ് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിലും ആന്റോ ആവർത്തിച്ചത്.

മദ്യം പിടികൂടിയ വാഴവറ്റയിലെ വീട് തന്റെ പേരിലല്ലെന്നും ബാങ്ക് ജപ്തി ചെയ്തശേഷം സർഫാസി നിയമപ്രകാരം മറ്റൊരാൾ വാങ്ങിയതാണെന്നും ആന്റോ മൊഴി നൽകി. താൻ മദ്യപിക്കുന്ന ആളല്ലെന്നും വീട്ടിൽനിന്ന് പിടിച്ചെടുത്ത മദ്യത്തെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാൽ പഞ്ചായത്ത് രേഖകളിൽ വീട് ആന്റോയുടെ പേരിലാണെന്നാണ് എക്സൈസിന്റെ കണ്ടെത്തൽ. കെ.എസ്.ഇ.ബി വൈദ്യുതി കണക്ഷനും ആന്റോ അഗസ്റ്റിന്റെ പേരിലാണ്. ഭാര്യാമാതാവായ ലില്ലിയാണ് ബാങ്ക് ലേലത്തിലൂടെ വസ്തു സ്വന്തമാക്കിയതെന്നാണ് ആന്റോയുടെ വാദം.

വീടിന്റെ ഉടമസ്ഥാവകാശം മറ്റൊരാൾക്ക് കൈമാറിയെന്ന വാദം തെളിയിക്കാൻ പ്രതിഭാഗം ഹാജരാക്കിയ എസ്.ബി.ഐയുടെ സെയിൽസ് സർട്ടിഫിക്കറ്റ് മാത്രം മതിയാകില്ലെന്നാണ് എക്സൈസിന്റെ നിലപാട്. സംഭവത്തിൽ കൂടുതൽ രേഖകളും തെളിവുകളും ശേഖരിച്ചുവരികയാണ്.

അതേസമയം, മദ്യം പിടികൂടിയ വാഴവറ്റയിലെ വീട് അനധികൃത നിർമാണമാണെന്ന് കണ്ടെത്തി മീനങ്ങാടി പഞ്ചായത്ത് നേരത്തെ സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. പഞ്ചായത്ത് നൽകിയ സ്റ്റോപ്പ് മെമ്മോയുടെ പകർപ്പും പുറത്തുവന്നു.

കസ്റ്റഡി കാലാവധി പൂർത്തിയായതിനെ തുടർന്ന് ആന്റോയെ വീട്ടിലെത്തിച്ച് നാല് മണിക്കൂറോളം തെളിവെടുപ്പും വിശദമായ ചോദ്യം ചെയ്യലും നടത്തി. തുടർന്ന് ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജഡ്ജി അധീന ബിജുവിന് മുന്നിൽ ഹാജരാക്കി. പിന്നീട് മാനന്തവാടി ജയിലിലേക്ക് മാറ്റി.

ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.

You may also like