Home Kerala‘5 മാർക്ക് നേടിയാലും ജയിക്കുന്ന അവസ്ഥ വരും’; സബ്ജക്ട് മിനിമം ഒഴിവാക്കലിനെതിരെ വി. ശിവൻകുട്ടി

‘5 മാർക്ക് നേടിയാലും ജയിക്കുന്ന അവസ്ഥ വരും’; സബ്ജക്ട് മിനിമം ഒഴിവാക്കലിനെതിരെ വി. ശിവൻകുട്ടി

by news_desk1
0 comments

തിരുവനന്തപുരം: 8, 9, 10 ക്ലാസുകളിലെ സബ്ജക്ട് മിനിമം മാർക്ക് ഒഴിവാക്കിയ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനത്തിനെതിരെ വിമർശനവുമായി മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. അക്കാദമിക് ചർച്ചകളില്ലാതെ എടുത്ത തീരുമാനമാണിതെന്നും പൊതുവിദ്യാഭ്യാസത്തെ പിന്നോട്ടടിപ്പിക്കുകയും വിദ്യാർഥികളുടെ ഭാവിയെ ബാധിക്കുകയും ചെയ്യുമെന്നാണ് ശിവൻകുട്ടിയുടെ ആരോപണം.

സബ്ജക്ട് മിനിമം ഒഴിവാക്കിയാൽ പരീക്ഷയിൽ അഞ്ചുമാർക്ക് നേടിയാലും വിജയിക്കാവുന്ന സാഹചര്യം ഉണ്ടാകുമെന്നാണ് ശിവൻകുട്ടി പറഞ്ഞത്. നിലവാരം ഉയർത്തുന്നതിനായി നടപ്പാക്കിയ സബ്ജക്ട് മിനിമം സംവിധാനം പിൻവലിക്കുന്നത് വിദ്യാർഥികൾക്ക് ലഭിച്ചിരുന്ന പഠനപിന്തുണാ ക്ലാസുകളെയും ബാധിക്കുമെന്നും അദ്ദേഹം ആരോപിച്ചു.

പൊതുവിദ്യാഭ്യാസ രംഗത്തെ അക്കാദമിക് നിലവാരം മെച്ചപ്പെടുത്തുന്നതിനാണ് സബ്ജക്ട് മിനിമം സംവിധാനം കൊണ്ടുവന്നതെന്നും ശിവൻകുട്ടി പറഞ്ഞു. 8-ാം ക്ലാസിൽ ആരംഭിച്ച സംവിധാനം പിന്നീട് 9, 10 ക്ലാസുകളിലേക്കും വ്യാപിപ്പിച്ചിരുന്നു. മിനിമം മാർക്ക് നേടാത്ത വിദ്യാർഥികൾക്ക് അധിക പഠനപിന്തുണ നൽകുന്ന സംവിധാനവും ഇതിനോടൊപ്പം ഉണ്ടായിരുന്നു.

സബ്ജക്ട് മിനിമം ഒഴിവാക്കുന്നത് വിദ്യാർഥികളുടെ പഠനനിലവാരത്തെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം ആരോപിച്ചു. അക്കാദമിക് നിലവാരം ഉയർത്തുന്നതിനുള്ള നടപടികൾക്ക് പകരം ഇത്തരമൊരു തീരുമാനം പൊതുവിദ്യാഭ്യാസത്തെ പിന്നോട്ടടിപ്പിക്കുമെന്നും ശിവൻകുട്ടി പറഞ്ഞു.

ഇതിനൊപ്പം പ്ലസ് വൺ ബാച്ച്, സീറ്റ് അലോട്ട്മെന്റ് സംബന്ധിച്ച് ഉയരുന്ന അഴിമതി ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം നടത്തണമെന്നും ശിവൻകുട്ടി ആവശ്യപ്പെട്ടു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഇക്കാര്യങ്ങൾ അറിയുന്നുണ്ടോയെന്ന കാര്യത്തിൽ സംശയമുണ്ടെന്നും വിദ്യാഭ്യാസത്തെ കച്ചവടവൽക്കരിക്കാനും എയ്ഡഡ് മാനേജ്മെന്റിനെ സഹായിക്കാനുമാണ് നീക്കമെന്നും അദ്ദേഹം ആരോപിച്ചു

You may also like