Home Keralaസീനിയർ വിദ്യാർഥിനിയുമായുള്ള സൗഹൃദത്തിന്റെ പേരിൽ ക്രൂരമർദനം; നഴ്സിങ് വിദ്യാർഥിയുടെ രണ്ട് വാരിയെല്ലുകൾ തകർന്നു, ഒരാൾ അറസ്റ്റിൽ

സീനിയർ വിദ്യാർഥിനിയുമായുള്ള സൗഹൃദത്തിന്റെ പേരിൽ ക്രൂരമർദനം; നഴ്സിങ് വിദ്യാർഥിയുടെ രണ്ട് വാരിയെല്ലുകൾ തകർന്നു, ഒരാൾ അറസ്റ്റിൽ

by news_desk1
0 comments

കൊല്ലം: നഴ്സിങ് കോളജിലെ സീനിയർ വിദ്യാർഥിനിയുമായി സൗഹൃദം സ്ഥാപിച്ചതിന്റെ പേരിൽ 19കാരനായ വിദ്യാർഥിക്ക് ക്രൂരമർദനം. ആക്രമണത്തിൽ രണ്ട് വാരിയെല്ലുകൾ തകർന്ന വിദ്യാർഥി സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സംഭവത്തിൽ ചവറ സ്വദേശി പ്രമോദ് കുമാർ (28) അറസ്റ്റിലായി.

പടപ്പനാലിലെ സ്വകാര്യ നഴ്സിങ് കോളജിൽ പഠിക്കുന്ന കണ്ണനല്ലൂർ സ്വദേശിയായ വിദ്യാർഥിക്കാണ് മർദനമേറ്റത്. സീനിയർ വിദ്യാർഥിനിയുമായി ഇയാൾ സൗഹൃദത്തിലാണെന്ന വിവരം വിദ്യാർഥിനിയുടെ സുഹൃത്തായ തേവലക്കര സ്വദേശി മിഥുൻ മനോഹറിനെ മറ്റൊരു വിദ്യാർഥിനി അറിയിച്ചതാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. മിഥുന്റെ നിർദേശപ്രകാരം പ്രമോദും സുഹൃത്ത് അഖിലും ചേർന്നാണ് വിദ്യാർഥിയെ ആക്രമിച്ചതെന്നാണ് കേസ്.

ഒക്ടോബർ 31ന് വൈകിട്ട് 4.10ഓടെ കോളജ് വിട്ടിറങ്ങിയ വിദ്യാർഥി തേവലക്കര പടപ്പനാലിലെ തട്ടുകടയിൽ കുപ്പിവെള്ളം വാങ്ങാനെത്തിയപ്പോഴായിരുന്നു ആക്രമണം. സംഘം അസഭ്യം പറയുകയും മുഖത്തും പുറത്തും മർദിക്കുകയും ചവിട്ടുകയും ചെയ്തെന്നാണ് പരാതി. ആക്രമണത്തിൽ രണ്ട് വാരിയെല്ലുകൾ തകർന്നു. നെറ്റിയിലും കവിളിലും പരിക്കേറ്റു.

തെക്കുംഭാഗം പൊലീസ് കേസെടുത്ത് പ്രമോദിനെ അറസ്റ്റ് ചെയ്തു. കേസിൽ പ്രമോദാണ് ഒന്നാം പ്രതി. അഖിൽ രണ്ടാം പ്രതിയും മിഥുൻ മൂന്നാം പ്രതിയുമാണ്. മിഥുൻ തെക്കുംഭാഗം പൊലീസ് സ്റ്റേഷനിലെ റൗഡി പട്ടികയിലുള്ളയാളാണെന്നും ഇയാൾക്കെതിരെ നിരവധി കേസുകളുണ്ടെന്നും പൊലീസ് അറിയിച്ചു. ചവറ പൊലീസ് സ്റ്റേഷനിലെ റൗഡി പട്ടികയിലുള്ള പ്രമോദിനെതിരെ വധശ്രമം ഉൾപ്പെടെ അഞ്ച് കേസുകളുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

You may also like