Home Keralaകല്ലറകളിലെ ഗ്രാനൈറ്റ് വീണ്ടും മോഷണം; പത്തനംതിട്ടയിൽ പള്ളി അധികൃതർ പരാതി നൽകി

കല്ലറകളിലെ ഗ്രാനൈറ്റ് വീണ്ടും മോഷണം; പത്തനംതിട്ടയിൽ പള്ളി അധികൃതർ പരാതി നൽകി

by news_desk1
0 comments

പത്തനംതിട്ട: പള്ളി സെമിത്തേരിയിലെ കല്ലറകളിൽനിന്ന് ഗ്രാനൈറ്റ് മോഷണം പോകുന്നത് വീണ്ടും. ആനിക്കാട് നൂറാമാവ് സെന്റ് തോമസ് മാർത്തോമാ പള്ളി സെമിത്തേരിയിലെ കല്ലറയിൽനിന്നാണ് ഗ്രാനൈറ്റ് സ്ലാബുകൾ മോഷണം പോയത്. മല്ലപ്പള്ളിയിലെ സെമിത്തേരികളിൽ നടന്ന മോഷണങ്ങൾക്ക് സമാനമായ രീതിയിലാണ് ഇവിടെയും മോഷണം നടന്നതെന്നാണ് വിവരം. സംഭവത്തിൽ പള്ളി അധികൃതർ പൊലീസിൽ പരാതി നൽകി.

നേരത്തെ നടന്ന മോഷണങ്ങളിൽ പ്രതികളെ കണ്ടെത്താനാകാത്തതിനിടെയാണ് വീണ്ടും സമാനസംഭവം. കീഴ്‌വായ്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ കല്ലറകൾക്ക് മുകളിൽ സ്ഥാപിച്ചിരുന്ന ഗ്രാനൈറ്റുകൾ മോഷണം പോകുന്ന മൂന്നാമത്തെ സംഭവമാണിത്.

ഗ്രാനൈറ്റ് പണികൾ കൃത്യമായി അറിയാവുന്നവരാണ് മോഷണത്തിന് പിന്നിലെന്നാണ് നിഗമനം. കല്ലറകളിൽ കട്ടികുറഞ്ഞ ഗ്രാനൈറ്റ് പാളികളാണ് സ്ഥാപിക്കുന്നത്. ഇവ കേടുപാടുകളില്ലാതെ വേർതിരിച്ചെടുക്കാൻ പ്രത്യേക പരിചയം ആവശ്യമാണെന്നും, അറിവില്ലാത്തവർ ശ്രമിച്ചാൽ ഗ്രാനൈറ്റിന് കേടുപാടുകൾ സംഭവിക്കുകയും അവശിഷ്ടങ്ങൾ പരിസരത്ത് കാണപ്പെടുകയും ചെയ്യുമെന്നും പരിസരവാസികൾ ചൂണ്ടിക്കാട്ടുന്നു.

പള്ളി സെമിത്തേരിയിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടില്ല. മോഷണം നടന്ന പ്രദേശങ്ങളിലൂടെ കടന്നുപോയ വാഹനങ്ങളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനുള്ള ശ്രമങ്ങളാണ് പൊലീസ് നടത്തുന്നത്. കല്ലറ നിർമാണ തൊഴിലാളികളെയും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. കല്ലറ നിർമാണം കരാർ അടിസ്ഥാനത്തിൽ ഏറ്റെടുത്ത് നടത്തുന്നവരാകാം മോഷണത്തിന് പിന്നിലെന്ന സംശയവും പൊലീസിനുണ്ട്.

നേരത്തെ മല്ലപ്പള്ളി മാർത്തോമാ പള്ളി സെമിത്തേരിയിലും മല്ലപ്പള്ളി മങ്കുഴിപ്പടി പള്ളി സെമിത്തേരിയിലുമാണ് സമാനമായ രീതിയിൽ കല്ലറകളിൽനിന്ന് ഗ്രാനൈറ്റ് മോഷണം പോയത്. ഒരാൾക്ക് ഒറ്റയ്ക്ക് മോഷണം നടത്താൻ കഴിയില്ലെന്നാണ് പൊലീസിന്റെ നിഗമനം. ഗ്രാനൈറ്റ് സ്ലാബുകൾ വാഹനസഹായമില്ലാതെ മാറ്റിക്കൊണ്ടുപോകാൻ കഴിയാത്തതിനാൽ നിരവധി പേർ ഉൾപ്പെട്ട സംഘമായിരിക്കാമെന്നും പൊലീസ് സംശയിക്കുന്നു.

You may also like