Home Top Storiesഏഷ്യൻ ഗെയിംസിൽ കേരളത്തിന്റെ ചരിത്രനേട്ടം; ഷൂട്ടിംഗിൽ വിദർശ കെ. വിനോദിന് വെള്ളി

ഏഷ്യൻ ഗെയിംസിൽ കേരളത്തിന്റെ ചരിത്രനേട്ടം; ഷൂട്ടിംഗിൽ വിദർശ കെ. വിനോദിന് വെള്ളി

by news_desk1
0 comments

നാഗോയ: ഏഷ്യൻ ഗെയിംസിൽ കേരളത്തിന് ചരിത്രനേട്ടം. ഷൂട്ടിംഗിൽ കോഴിക്കോട് തിരുവമ്പാടി സ്വദേശി വിദർശ കെ. വിനോദ് വെള്ളി മെഡൽ നേടി. വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിലാണ് വിദർശ ഉൾപ്പെട്ട ഇന്ത്യൻ സംഘം വെള്ളി സ്വന്തമാക്കിയത്. ഏഷ്യൻ ഗെയിംസ് ഷൂട്ടിംഗിൽ മെഡൽ നേടുന്ന ആദ്യ മലയാളിയെന്ന നേട്ടവും വിദർശ സ്വന്തമാക്കി.

വിദർശയ്ക്കൊപ്പം എലാവെനിൽ വലറിവാൻ, സോനം ഉത്തം മാസ്കർ എന്നിവരടങ്ങിയ മൂന്നംഗ ഇന്ത്യൻ ടീമാണ് വെള്ളി നേടിയത്. ചൈന സ്വർണവും ജപ്പാൻ വെങ്കലവും നേടി. ഇന്ത്യ 1898.0 പോയിന്റ് നേടിയപ്പോൾ ചൈന 1904.2 പോയിന്റുമായി ഒന്നാമതെത്തി.

വിദർശയുടെ ആദ്യ ഏഷ്യൻ ഗെയിംസാണിത്. ആദ്യ പങ്കാളിത്തത്തിൽ തന്നെ മെഡൽ നേടാനായതിൽ ഏറെ സന്തോഷമുണ്ടെന്ന് താരം പറഞ്ഞു. കുടുംബത്തിന്റെയും പരിശീലകരുടെയും പിന്തുണയാണ് നേട്ടത്തിന് പിന്നിലെന്നും വിദർശ വ്യക്തമാക്കി.

വരാനിരിക്കുന്ന 50 മീറ്റർ റൈഫിൾ ഇനത്തിലും വിദർശ മത്സരിക്കുന്നുണ്ട്. ഇന്നത്തെ മെഡൽ കൂടുതൽ ആത്മവിശ്വാസം നൽകുന്നുണ്ടെന്നും താരം പറഞ്ഞു. കേരളത്തിൽ തുടരാനാണ് ആഗ്രഹമെന്നും സംസ്ഥാന സർക്കാർ ജോലി നൽകുകയാണെങ്കിൽ സ്വീകരിക്കുമെന്നും വിദർശ പ്രതികരിച്ചു.

2018ലാണ് എൻ.സി.സി.യിലൂടെ വിദർശ ഷൂട്ടിംഗിലേക്ക് എത്തിയത്. 2019ൽ ഷൂട്ടിംഗ് പ്രൊഫഷനായി തുടരാൻ തീരുമാനിച്ചു. പ്രധാന പരിശീലനം ഡൽഹിയിലാണ് നടക്കുന്നത്. കേരളത്തിൽ വട്ടിയൂർക്കാവ് ഷൂട്ടിംഗ് റേഞ്ചിൽ പരിശീലന സൗകര്യമുണ്ടെന്നും എല്ലാ ജില്ലകളിലും അസോസിയേഷനുകളിലൂടെ അംഗത്വമെടുത്ത് പരിശീലനം നടത്താനാകുമെന്നും വിദർശ പറഞ്ഞു.

You may also like