കാസർകോട്: കന്യപ്പാടിയിൽ പുലർച്ചെ കാറുകൾ ലോറിയിൽ ഇടിച്ചുണ്ടായ അപകടത്തിൽ ആറുപേർക്ക് പരിക്ക്. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. ഇന്ന് പുലർച്ചെ 1.30ഓടെയായിരുന്നു അപകടം. ഇരു കാറുകളും പൂർണമായി തകർന്നു.
അമിതവേഗത്തിൽ സഞ്ചരിച്ച കാറുകളാണ് ലോറിയിൽ ഇടിച്ചതെന്നാണ് വിവരം. മുസോടി സ്വദേശികളായ ഒമ്പത് യുവാക്കളാണ് രണ്ട് കാറുകളിലായി ഉണ്ടായിരുന്നത്. പരിക്കേറ്റവരെ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തെ തുടർന്ന് ലോറിയുടെ ഡീസൽ ടാങ്കും ഓയിൽ ടാങ്കും പൊട്ടി റോഡിൽ ഡീസലും ഓയിലും വ്യാപിച്ചു. ഇടിച്ച വാഹനങ്ങളിൽ കെ.എ 21 സി 0338 നമ്പർ ലോറിയും കെ.എൽ 14 എഇ 0915 നമ്പർ വെള്ള സ്വിഫ്റ്റും കെ.എൽ 14 എജെ 0035 നമ്പർ കറുത്ത സ്വിഫ്റ്റുമാണ് ഉണ്ടായിരുന്നത്.
സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സുകു വർഗീസിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ കെ. വിജിതിൻ കൃഷ്ണൻ, അതുൽ രവി, സി.കെ. അഭിനന്ദ്, എൻ.പി. രാകേഷ്, ഒ.കെ. പ്രജിത്ത് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
