ഇടുക്കി: ജന്മനാട്ടിൽ തന്നെ ആദ്യ നിയമനം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഊരാളി ഗോത്രവിഭാഗത്തിൽ നിന്നുള്ള ഇടുക്കിയിലെ ആദ്യ ഡോക്ടറായ ശരണ്യ മോഹനൻ. ഇടുക്കി കണ്ണംപടി ആദിവാസി ഉന്നതിയിലാണ് ശരണ്യയുടെ വീട്. വീടിന് സമീപത്തെ ഉപ്പുതറ സാമൂഹികാരോഗ്യ കേന്ദ്രത്തിലാണ് ശരണ്യയ്ക്ക് അസിസ്റ്റന്റ് സർജനായി നിയമനം ലഭിച്ചത്.
ഇടുക്കി വന്യജീവി സങ്കേതത്തിന്റെ ഭാഗമായ കണ്ണംപടി വനമേഖലയിലെ പുന്നപാറ ഉന്നതിയിൽ കണ്ടത്തിൻകര കെ. എൻ. മോഹനന്റെയും മിനിമോളുടെയും ഏക മകളാണ് ശരണ്യ. അഞ്ചാം ക്ലാസ് വരെ സ്വരാജ് സയൺ പബ്ലിക് സ്കൂളിലായിരുന്നു പഠനം. പ്ലസ് ടു വരെ കുളമാവ് നവോദയ വിദ്യാലയത്തിൽ പഠിച്ചു. പ്ലസ് ടുവിന് 88 ശതമാനം മാർക്കോടെ വിജയിച്ചു.
ചെറുപ്പം മുതൽ തന്നെ ഡോക്ടറാകണമെന്നായിരുന്നു ശരണ്യയുടെ ആഗ്രഹം. 2019ൽ ആദിവാസി വിഭാഗത്തിൽ 23-ാം റാങ്ക് നേടിയാണ് എംബിബിഎസിന് പ്രവേശനം നേടിയത്. തുടർന്ന് ഫസ്റ്റ് ക്ലാസോടെ എംബിബിഎസ് പാസായി. പി.എസ്.സി റാങ്ക് പട്ടികയിൽ ഇടം നേടിയ ശരണ്യയ്ക്ക് ഒടുവിൽ ജന്മനാട്ടിലെ സർക്കാർ ആശുപത്രിയിൽ തന്നെ നിയമനം ലഭിച്ചു.
കണ്ണംപടി മേഖലയിലെ പതിനൊന്ന് ആദിവാസി ഉന്നതികളിലുള്ളവരുടെ ഏക ആശ്രയമാണ് ഉപ്പുതറ സാമൂഹികാരോഗ്യ കേന്ദ്രം. ജന്മനാട്ടിൽ തന്നെ ആദ്യ നിയമനം ലഭിച്ചതോടെ ശരണ്യയുടെ നേട്ടത്തിൽ വീട്ടുകാർക്കും നാട്ടുകാർക്കും ഒരുപോലെ സന്തോഷമാണ്. അഭിനന്ദന പ്രവാഹമാണ് ഇപ്പോൾ ശരണ്യയ്ക്ക് ലഭിക്കുന്നത്.
പട്ടികവർഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ. എ. തുളസി നേരിട്ട് ഫോണിൽ വിളിച്ച് ശരണ്യയെ അഭിനന്ദിച്ചു. ഇനി ഇടുക്കിയിലെത്തുമ്പോൾ ശരണ്യയെ നേരിട്ട് സന്ദർശിക്കുമെന്നും മന്ത്രി അറിയിച്ചു.
