Home Keralaമൈക്രോഫിനാൻസ് തട്ടിപ്പ്: ഒരു കേസിലും കുറ്റപത്രം നൽകിയിട്ടില്ല; ഹൈക്കോടതിയിൽ അന്വേഷണ ഉദ്യോഗസ്ഥന്റെ വിശദീകരണം

മൈക്രോഫിനാൻസ് തട്ടിപ്പ്: ഒരു കേസിലും കുറ്റപത്രം നൽകിയിട്ടില്ല; ഹൈക്കോടതിയിൽ അന്വേഷണ ഉദ്യോഗസ്ഥന്റെ വിശദീകരണം

by news_desk1
0 comments

കൊച്ചി: മൈക്രോഫിനാൻസ് തട്ടിപ്പുമായി ബന്ധപ്പെട്ട ഒരു കേസിലും ഇതുവരെ കോടതിയിൽ കുറ്റപത്രം നൽകിയിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ എസ്.പി. ശശിധരൻ ഹൈക്കോടതിയെ അറിയിച്ചു. വെള്ളാപ്പള്ളി നടേശൻ പ്രതിയാണെന്ന് കണ്ടെത്തിയ കേസുകളിൽ ഏതിലെല്ലാം കുറ്റപത്രം നൽകിയിട്ടുണ്ടെന്ന കോടതിയുടെ ചോദ്യത്തിനാണ് അന്വേഷണ ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരായി മറുപടി നൽകിയത്.

എട്ട് കേസുകളിൽ പ്രതികളുടെ ഇടപെടൽ കണ്ടെത്തിയിട്ടുണ്ടെന്നും എസ്.പി. അറിയിച്ചു. പുൽപ്പള്ളി, റാന്നി കേസുകളിലെ അന്വേഷണം പൂർത്തിയായിട്ടുണ്ട്. പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാരിന്റെ അനുമതി തേടിയിരിക്കുകയാണ്. അനുമതി ലഭിച്ചാൽ കുറ്റപത്രം സമർപ്പിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

പ്രോസിക്യൂഷൻ അനുമതിക്കായുള്ള അപേക്ഷ സെപ്റ്റംബറിൽ തന്നെ പരിഗണിക്കണമെന്ന് പിന്നാക്ക വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് ഹൈക്കോടതി നിർദേശം നൽകി.

എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ നേരത്തെ ഹൈക്കോടതി കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഫെബ്രുവരിയിൽ വിജിലൻസ് വെള്ളാപ്പള്ളി നടേശന്റെ വീട്ടിലെത്തി ചോദ്യം ചെയ്തിരുന്നു.

2016ൽ വി.എസ്. അച്യുതാനന്ദന്റെ പരാതിയിലാണ് വെള്ളാപ്പള്ളി നടേശനെതിരായ കേസിൽ അന്വേഷണം ആരംഭിച്ചത്. സ്ത്രീകളുടെ പേരിൽ വ്യാജ പദ്ധതി തയ്യാറാക്കി പിന്നാക്ക വികസന കോർപ്പറേഷനിൽ നിന്ന് എസ്.എൻ.ഡി.പി കോടികൾ വായ്പയെടുത്തതിലാണ് അഴിമതി ആരോപണം ഉയർന്നത്.

സാമ്പത്തിക തിരിമറിയും ഗൂഢാലോചനയും നടത്തി 15 കോടി രൂപ തട്ടിച്ചെന്നാണ് വി.എസ്. അച്യുതാനന്ദൻ ആരോപിച്ചത്.

You may also like