Home Internationalഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമേനി കോമയിലാണെന്ന റിപ്പോർട്ട്; വാർത്ത തള്ളി ഇറാൻ

ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമേനി കോമയിലാണെന്ന റിപ്പോർട്ട്; വാർത്ത തള്ളി ഇറാൻ

by news_desk
0 comments

ടെഹ്റാൻ/ലണ്ടൻ: ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമേനി ഗുരുതരാവസ്ഥയിൽ കോമയിലാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ഫെബ്രുവരി 28ന് പിതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ട അതേ വ്യോമാക്രമണത്തിലാണ് 56കാരനായ മൊജ്തബ ഖമേനിക്കും മാരകമായി പരിക്കേറ്റതെന്നാണ് ബ്രിട്ടീഷ് മാധ്യമമായ ‘ദ സൺ’ റിപ്പോർട്ട് ചെയ്യുന്നത്. ബോംബാക്രമണത്തിൽ അദ്ദേഹത്തിന്‍റെ ഒരു കാൽ മുറിച്ചുമാറ്റേണ്ടിവന്നതായും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഈ വാർത്തകൾ ഇറാൻ ഔദ്യോഗികമായി നിഷേധിച്ചിട്ടുണ്ട്.

റിപ്പോർട്ടുകൾ പ്രകാരം ടെഹ്റാനിലെ സിന യൂണിവേഴ്സിറ്റി ആശുപത്രിയിൽ അതീവ സുരക്ഷാ വലയത്തിലാണ് മൊജ്തബ ഖമേനിയുടെ ചികിത്സ പുരോഗമിക്കുന്നത്. ആക്രമണത്തിൽ വയറിനും കരളിനും ഗുരുതരമായ പരിക്കേറ്റതായും ഇറാൻ ആരോഗ്യ മന്ത്രി കൂടിയായ ട്രോമ സർജനായ മുഹമ്മദ് റെസ സഫർഗന്ദിയുടെ മേൽനോട്ടത്തിലാണ് ചികിത്സ നടക്കുന്നതെന്നുമാണ് റിപ്പോർട്ടുകൾ.

അതേസമയം ആശുപത്രിയുടെ നിയന്ത്രണം സൈന്യം ഏറ്റെടുത്തതിനാൽ കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ അധികൃതർ തയ്യാറായിട്ടില്ലെന്നാണ് സൂചന. രാജ്യത്ത് ഭരണപ്രതിസന്ധിയില്ലെന്ന സന്ദേശം നൽകാൻ ഇറാൻ സ്റ്റേറ്റ് ടെലിവിഷൻ ശ്രമിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.

ഇതിനിടെ ഹോർമുസ് കടലിടുക്ക് ഉപരോധിക്കുമെന്നും പിതാവിന്റെ മരണത്തിന് പ്രതികാരമായി ശക്തമായ ആക്രമണങ്ങൾ തുടരുമെന്നും മൊജ്തബ ഖമേനിയുടേതെന്ന പേരിൽ ഒരു സന്ദേശം പുറത്തുവന്നിരുന്നു. എന്നാൽ നേതാവ് പൊതുവേദിയിൽ പ്രത്യക്ഷപ്പെടാത്തത് ഇറാനിലെ ജനങ്ങൾക്കിടയിലും സൈനിക വൃത്തങ്ങളിലും ആശങ്ക ഉയർത്തിയിട്ടുണ്ട്.

മൊജ്തബ ഖമേനി ശാരീരികമായി അവശനാണെന്ന റിപ്പോർട്ടുകൾക്കിടയിലും ഇറാൻ സൈന്യത്തിന്റെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണ്. മുൻ നേതാവ് ആയത്തുള്ള അലി ഖമേനി രൂപീകരിച്ച സൈനിക സംവിധാനം വലിയ യുദ്ധങ്ങൾ നേരിടാൻ പ്രാപ്തമാണെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. ഇതോടെ പശ്ചിമേഷ്യയിലെ സംഘർഷം അടുത്ത ദിവസങ്ങളിൽ കൂടുതൽ രൂക്ഷമാകാനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

You may also like