തിരുവനന്തപുരം: വന്ദേമാതരം ആലാപന വിവാദത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനെയും സംസ്ഥാന സർക്കാരിനെയും കടുപ്പിച്ച് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. മുഖ്യമന്ത്രി ആർ.എസ്.എസിനും സംഘപരിവാറിനും പൂർണ്ണമായും കീഴടങ്ങിയെന്ന് ആരോപിച്ച അദ്ദേഹം, വന്ദേമാതരം പൂർണ്ണമായി ആലപിക്കണമെന്ന മുഖ്യമന്ത്രിയുടെ നിലപാട് യഥാർത്ഥത്തിൽ ആർ.എസ്.എസ് അജണ്ടയുടെ ഭാഗമാണെന്ന് കുറ്റപ്പെടുത്തി.
വന്ദേമാതരം ആലപിച്ചില്ലെങ്കിൽ മൂന്ന് വർഷം ശിക്ഷിക്കപ്പെടുമെന്ന തരത്തിൽ മുഖ്യമന്ത്രി നിയമത്തെ തെറ്റായി വ്യാഖ്യാനിക്കുകയാണെന്ന് എം.വി. ഗോവിന്ദൻ വിമർശിച്ചു. രാജ്യത്തെ നിയമം അതല്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, വന്ദേമാതരം പൂർണ്ണമായി ആലപിക്കേണ്ടതില്ലെന്ന നിലപാട് സ്വീകരിച്ച കോൺഗ്രസിന്റെ നേതാവ് തന്നെയാണ് ഇപ്പോൾ ഈ നിലപാട് നടപ്പിലാക്കാൻ തുനിയുന്നതെന്നും ചൂണ്ടിക്കാട്ടി.
ചീഫ് സെക്രട്ടറിയുടെ വിവാദ സർക്കുലറിനെയും അദ്ദേഹം ശക്തമായി വിമർശിച്ചു. മുഖ്യമന്ത്രി അറിയാതെ ചീഫ് സെക്രട്ടറി ഒരു സർക്കുലറും അയക്കില്ലെന്നിരിക്കെ, സത്യം മറച്ചുവെക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. മന്ത്രിസഭയിലോ മുഖ്യമന്ത്രിയുമായോ ആലോചിക്കാതെ ചീഫ് സെക്രട്ടറി കേന്ദ്ര നിർദ്ദേശങ്ങൾ താഴേക്ക് അയക്കുന്നു എന്ന് പറയുന്നത് അപകടകരമായ കീഴ്വഴക്കമാണ്. വരാനിരിക്കുന്ന ഏക സിവിൽ കോഡ്, എഫ്.സി.ആർ.എ തുടങ്ങിയ ബി.ജെ.പി അജണ്ടകൾ അടങ്ങിയ നിർദ്ദേശങ്ങൾ കേന്ദ്രത്തിൽ നിന്ന് വരുമ്പോഴും ഇതേ ഇരട്ടത്താപ്പാണോ മുഖ്യമന്ത്രി സ്വീകരിക്കാൻ പോകുന്നതെന്നും എം.വി. ഗോവിന്ദൻ ചോദിച്ചു.
