തിരുവനന്തപുരം: കേന്ദ്രസർക്കാരിനെതിരെ സിപിഐ ആഹ്വാനം ചെയ്ത സമരത്തിൽ പങ്കെടുക്കാൻ ദില്ലിയിലേക്ക് പോകുന്നതിനായി ബുക്ക് ചെയ്ത പ്രത്യേക ട്രെയിൻ റെയിൽവേ റദ്ദാക്കി. ബുക്കിംഗിനായി മുൻകൂറായി നൽകിയ 10 ലക്ഷം രൂപ റെയിൽവേ തിരികെ നൽകി. സെപ്റ്റംബർ ഒന്നിന് ദില്ലിയിലെ രാംലീല മൈതാനിയിലാണ് സമരം നിശ്ചയിച്ചിരുന്നത്. സമരം പൊളിക്കാനുള്ള കേന്ദ്ര നീക്കത്തിന്റെ ഭാഗമായാണ് ട്രെയിൻ റദ്ദാക്കിയതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആരോപിച്ചു.
സമരത്തിൽ പങ്കെടുക്കാൻ പ്രത്യേക ട്രെയിനിൽ ദില്ലിയിലേക്ക് പോകാനായിരുന്നു സിപിഐയുടെ തീരുമാനം. 22 ബോഗികളുള്ള ട്രെയിനാണ് ഇതിനായി ബുക്ക് ചെയ്തത്. ട്രെയിൻ ബുക്ക് ചെയ്യുന്നതിനായി 10 ലക്ഷം രൂപ റെയിൽവേയ്ക്ക് നൽകിയിരുന്നു. എന്നാൽ, ഇന്നലെ ഈ തുക ബാങ്ക് അക്കൗണ്ടിലേക്ക് തിരികെ ലഭിച്ചതായി ബിനോയ് വിശ്വം പറഞ്ഞു.
ഏതോ ഒരു അക്കൗണ്ടിൽ നിന്നാണ് 10 ലക്ഷം രൂപ തിരികെ ലഭിച്ചതെന്നും പ്രത്യേക ട്രെയിൻ റദ്ദാക്കിയതായുള്ള അറിയിപ്പ് ലഭിച്ചത് ഇന്നലെയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.
കേന്ദ്രസർക്കാർ ജനങ്ങളെ തോൽപ്പിക്കാൻ ശ്രമിക്കുകയാണെന്നും എന്നാൽ സമരവുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും ബിനോയ് വിശ്വം പറഞ്ഞു. സാധ്യമായ എല്ലാ മാർഗങ്ങളിലൂടെയും ദില്ലിയിൽ എത്തി സമരത്തിൽ പങ്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
