തിരുവനന്തപുരം: ആശുപത്രികളിൽ ആവശ്യത്തിന് മരുന്ന് സ്റ്റോക്കുണ്ടെങ്കിലും കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ (കെഎംഎസ്സിഎൽ) സംഭരണകേന്ദ്രങ്ങളിൽ മരുന്നിന്റെ സ്റ്റോക്ക് കുറവുണ്ടെന്ന് ആരോഗ്യവകുപ്പ്. പർച്ചേസ് ഓർഡറുകൾ അടിയന്തരമായി പൂർത്തിയാക്കാനും ആവശ്യമെങ്കിൽ മറ്റ് സംസ്ഥാനങ്ങളിലെ മെഡിക്കൽ കോർപറേഷനുകളിൽനിന്ന് മരുന്ന് എത്തിക്കുന്നതിനുള്ള സാധ്യത പരിശോധിക്കാനും കെഎംഎസ്സിഎല്ലിന് നിർദേശം നൽകി.
സംസ്ഥാനത്ത് പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി വീടുകൾ കേന്ദ്രീകരിച്ചുള്ള ഫീൽഡ് പ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്ന് മന്ത്രി കെ. മുരളീധരൻ നിർദേശിച്ചു. ചില സ്ഥലങ്ങളിൽ മരുന്ന് ലഭ്യതക്കുറവുണ്ടെന്ന റിപ്പോർട്ടുകൾ സർക്കാർ ഗൗരവത്തോടെയാണ് കാണുന്നതെന്നും താഴെത്തട്ടിലെ ആശുപത്രികളുടെ സ്ഥിതി കൃത്യമായി വിലയിരുത്തി ആവശ്യമായ മരുന്നുകൾ ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു. സെക്രട്ടേറിയറ്റിലെ ലയം ഹാളിൽ ചേർന്ന യോഗത്തിലായിരുന്നു നിർദേശം.
പകർച്ചവ്യാധികൾക്കെതിരായ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി ക്ലോറിനേഷൻ ഉൾപ്പെടെയുള്ള ശുചിത്വ പ്രവർത്തനങ്ങൾ വീടുകളിലെത്തി ഉറപ്പാക്കണം. ഹെൽത്ത് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ ഹോട്ട്സ്പോട്ടുകൾ കേന്ദ്രീകരിച്ച് വീടുകളിൽ നേരിട്ടെത്തിയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്നും ആരോഗ്യപ്രവർത്തകർ വീടുകളിലെത്തുന്നില്ലെന്ന പരാതി ഉണ്ടാകരുതെന്നും മന്ത്രി പറഞ്ഞു.
ആശുപത്രികളിൽ അത്യാവശ്യ മരുന്നുകൾക്കും പഞ്ഞി ഉൾപ്പെടെയുള്ള സർജിക്കൽ സാമഗ്രികൾക്കും തടസ്സമില്ലാതെ ലഭ്യത ഉറപ്പാക്കാൻ കെഎംഎസ്സിഎല്ലിനോട് മന്ത്രി ആവശ്യപ്പെട്ടു. എന്നാൽ ജില്ലകളിലെയും ആശുപത്രികളിലെയും മരുന്ന് സ്റ്റോക്ക് നിലവിൽ പര്യാപ്തമാണെന്നും കെഎംഎസ്സിഎൽ സംഭരണകേന്ദ്രങ്ങളിലാണ് സ്റ്റോക്ക് കുറവുള്ളതെന്നും ജില്ലാ മെഡിക്കൽ ഓഫീസർമാർ കണക്കുകൾ സഹിതം യോഗത്തിൽ വിശദീകരിച്ചു.
മരുന്ന് വിതരണം വേഗത്തിലാക്കാൻ മെഡിക്കൽ സർവീസസ് കോർപറേഷൻ അടിയന്തരമായി ബോർഡ് യോഗം ചേർന്ന് ആവശ്യമായ പർച്ചേസ് ഓർഡറുകൾ ഉടൻ പൂർത്തിയാക്കണമെന്ന് മന്ത്രി കർശന നിർദേശം നൽകി. ആവശ്യമെങ്കിൽ തമിഴ്നാട്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലെ മെഡിക്കൽ കോർപറേഷനുകളുമായി സഹകരിച്ച് അടിയന്തരമായി മരുന്ന് ലഭ്യമാക്കാനുള്ള സാധ്യതയും പരിശോധിക്കണം.
മോർച്ചറി, സീലിംഗ്, ലിഫ്റ്റ്, വെന്റിലേറ്റർ എന്നിവയുടെ സ്ഥിതി ഓരോ ജില്ലയിലെയും മെഡിക്കൽ ഓഫീസർമാർ വിലയിരുത്തി റിപ്പോർട്ട് നൽകണമെന്നും മന്ത്രി കെ. മുരളീധരൻ ആവശ്യപ്പെട്ടു.
