ഇടുക്കി: 21 ദിവസം മാത്രം പ്രായമായ നവജാത ശിശുവിന് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയതായി ഇടുക്കി മെഡിക്കൽ കോളേജിനെതിരെ പരാതി. ഇടുക്കി ഭൂമിയാങ്കുളം സ്വദേശി സോബിൻ സണ്ണിയുടെ കുഞ്ഞിനാണ് കഴുത്തിലെ അലർജിക്ക് ചികിത്സ തേടിയെത്തിയപ്പോൾ ഫാർമസിയിൽ നിന്ന് കാലാവധി കഴിഞ്ഞ ഓയിന്റ്‌മെന്റ് നൽകിയതെന്നാണ് പരാതി. മരുന്ന് കുഞ്ഞിന് നൽകുന്നതിന് മുമ്പ് കാലാവധി പരിശോധിച്ചതിനാൽ അപകടം ഒഴിവായെന്നാണ് കുടുംബം പറയുന്നത്.
2024 ജൂണിൽ നിർമിച്ചതും രണ്ട് വർഷം കാലാവധിയുണ്ടായിരുന്നതുമായ ഓയിന്റ്‌മെന്റാണ് കുഞ്ഞിന് നൽകിയതെന്ന് കുടുംബം പറയുന്നു. വീട്ടിലെത്തി മരുന്നിന്റെ കാലാവധി പരിശോധിച്ചപ്പോഴാണ് കാലാവധി കഴിഞ്ഞിട്ട് മൂന്ന് മാസം പിന്നിട്ടതായി കണ്ടെത്തിയത്. സംഭവത്തിൽ കുടുംബം ആശുപത്രി സൂപ്രണ്ടിന് പരാതി നൽകി. തുടർന്ന് ഫാർമസി ജീവനക്കാരോട് ആശുപത്രി സൂപ്രണ്ട് റിപ്പോർട്ട് തേടി.
ജലദോഷവും കഴുത്തിലെ അലർജിയുമായാണ് കുഞ്ഞിനെ ഇടുക്കി മെഡിക്കൽ കോളേജിൽ എത്തിച്ചത്. കുഞ്ഞിനെ പരിശോധിച്ച ഡോക്ടർ വലിയ പ്രശ്‌നമില്ലെന്നും ഓയിന്റ്‌മെന്റ് പുരട്ടിയാൽ മതിയെന്നും നിർദേശിച്ച് മരുന്ന് കുറിച്ചു. ഡോക്ടർ നൽകിയ കുറിപ്പടിയുമായി ഫാർമസിയിലെത്തിയപ്പോഴാണ് സോബിന് മരുന്ന് ലഭിച്ചത്.
എന്നാൽ, ഈ മരുന്ന് ഫാർമസിയിൽ സ്റ്റോക്കില്ലെന്നാണ് ജീവനക്കാരുടെ നിലപാട്. ഫാർമസിയിൽ പരാതി നൽകിയതിന് പിന്നാലെ നടത്തിയ പരിശോധനയിലും ഇത്തരമൊരു മരുന്ന് ഫാർമസിയിൽ ഇല്ലെന്നാണ് ജീവനക്കാർ അറിയിച്ചത്.
അതേസമയം, ഫാർമസിയിൽ ഇല്ലെന്ന് ജീവനക്കാർ പറയുന്ന മരുന്ന് നൽകിയതായി കുറിപ്പടിയിൽ ടിക്ക് മാർക്ക് രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ സംസ്ഥാന സർക്കാർ ആശുപത്രികൾക്ക് നേരിട്ട് വിതരണം ചെയ്യുന്ന ഓയിന്റ്‌മെന്റാണ് കുഞ്ഞിന് നൽകിയതെന്നും കുടുംബം ചൂണ്ടിക്കാട്ടുന്നു.
കാലാവധി കഴിഞ്ഞ മരുന്ന് ഇടുക്കി മെഡിക്കൽ കോളേജ് ഫാർമസിയിൽ എങ്ങനെ സൂക്ഷിക്കപ്പെട്ടുവെന്നതാണ് സംഭവത്തിൽ ഉയരുന്ന പ്രധാന ചോദ്യം. പരാതിയിൽ ആശുപത്രി അധികൃതരുടെ പരിശോധന തുടരുകയാണ്.
