തിരുവനന്തപുരം: സംസ്ഥാനത്ത് പനി കേസുകൾ കുത്തനെ ഉയരുന്നതിനിടെ ഇൻഫ്ലുവൻസ മരണനിരക്കിലും വർധന. ഈ മാസം ഇതുവരെ ഇൻഫ്ലുവൻസ ബാധിച്ച് 20 പേർ മരിച്ചതായാണ് കണക്ക്. പനി, ശരീരവേദന, ജലദോഷം തുടങ്ങിയ ലക്ഷണങ്ങൾ അവഗണിക്കരുതെന്നും രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ നാല് ഇൻഫ്ലുവൻസ മരണവും 724 രോഗബാധയുമാണ് റിപ്പോർട്ട് ചെയ്തിരുന്നത്. ഈ സെപ്റ്റംബറിൽ ഇതുവരെ രോഗബാധിതരുടെ എണ്ണം 251 ആയി. ഈ വർഷം ഇതുവരെ 11,021 പേർക്ക് ഇൻഫ്ലുവൻസ ബാധിക്കുകയും 119 പേർ മരിക്കുകയും ചെയ്തു. കഴിഞ്ഞ വർഷം 6,182 കേസുകളും 40 മരണവുമാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം ഇൻഫ്ലുവൻസ മരണനിരക്ക് ഇരട്ടിയായെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
പനി വന്നാൽ ശ്രദ്ധിക്കേണ്ടത്
പനി, ശരീരവേദന, ജലദോഷം തുടങ്ങിയ ലക്ഷണങ്ങൾ അവഗണിക്കരുത്. ഇൻഫ്ലുവൻസയാകാനുള്ള സാധ്യതയുള്ളതിനാൽ ജാഗ്രത വേണം. രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണം. സ്വയം ചികിത്സ ഒഴിവാക്കണം.
രോഗലക്ഷണങ്ങളുള്ളവർ പൂർണമായി വിശ്രമിക്കുകയും ധാരാളം വെള്ളം കുടിക്കുകയും വേണം. രോഗബാധിതർ മാസ്ക് ധരിക്കണം. പ്രതിരോധശേഷി കുറഞ്ഞവരും മാസ്ക് ധരിക്കുന്നത് ശ്രദ്ധിക്കണം. പ്രായമായവരെയും കുട്ടികളെയും പ്രത്യേകം ശ്രദ്ധിക്കണം. പനിയുള്ള കുട്ടികളെ സ്കൂളിലേക്ക് അയക്കരുതെന്നും മരുന്ന് കഴിക്കാൻ മടിക്കരുതെന്നും ആരോഗ്യവകുപ്പ് നിർദേശിക്കുന്നു.
ഡെങ്കിപ്പനിയിലും ജാഗ്രത
വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കി കൊതുക് പെരുകുന്നത് തടയണം. ഇടവിട്ടുള്ള മഴക്കാലത്ത് ഈഡിസ് കൊതുകുകൾ പെരുകാൻ സാധ്യതയുള്ളതിനാൽ ഡ്രൈ ഡേ കൃത്യമായി പാലിക്കണം. വെള്ളിയാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ശനിയാഴ്ച തൊഴിലിടങ്ങളിലും ഞായറാഴ്ച വീടുകളിലും ഡ്രൈ ഡേ ആചരിക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദേശം.
കൊതുക് പ്രജനനത്തിന് സാധ്യതയുള്ള ഉറവിടങ്ങൾ നശിപ്പിക്കണം. ഫ്രിഡ്ജിന്റെ പുറകിലെ ട്രേ, ചെടിച്ചട്ടികളുടെ അടിയിലെ പാത്രങ്ങൾ, വെള്ളത്തിൽ വളർത്തുന്ന അലങ്കാരച്ചെടികളുടെ പാത്രങ്ങൾ, ഉപയോഗിക്കാത്ത ക്ലോസറ്റ് എന്നിവിടങ്ങളിൽ വെള്ളം കെട്ടിക്കിടക്കുന്നില്ലെന്ന് ഉറപ്പാക്കണം.
ഉപയോഗശൂന്യമായ പാത്രങ്ങൾ, ചിരട്ടകൾ, കുപ്പികൾ എന്നിവ വലിച്ചെറിയാതെ ശരിയായ രീതിയിൽ നീക്കം ചെയ്യണം. ടെറസ്, സൺഷേഡ്, റൂഫിന്റെ പാത്തി തുടങ്ങിയ ഇടങ്ങളിലും വെള്ളം കെട്ടിനിൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. വെള്ളം ശേഖരിക്കുന്ന പാത്രങ്ങളും ടാങ്കുകളും മൂടിവെക്കണം.
കൊതുകുകടി ഏൽക്കാതിരിക്കാനും സ്വയം മുൻകരുതൽ സ്വീകരിക്കണം. ഒരിക്കൽ ഡെങ്കിപ്പനി വന്നവരിൽ വീണ്ടും രോഗബാധയുണ്ടായാൽ ഗുരുതരമാകാൻ സാധ്യതയുള്ളതിനാൽ പ്രത്യേക ജാഗ്രത വേണം.
