തൃശൂർ: കുന്നംകുളം അക്കിക്കാവ്–പന്നിത്തടം ബൈപാസിന് സമീപത്തെ കെട്ടിട നിർമാണ സ്ഥലത്ത് നിന്ന് ലക്ഷങ്ങളുടെ നിർമ്മാണ സാമഗ്രികൾ മോഷ്ടിച്ച കേസിൽ പെരുമ്പാവൂർ സ്വദേശിയായ യുവാവിനെ പൊലീസ് പിടികൂടി. പെരുമ്പാവൂർ മരംപള്ളി സ്വദേശി ശ്രീക്കുട്ടൻ (29) ആണ് അറസ്റ്റിലായത്.
ജൂലൈ 30ന് വൈകിട്ട് 5.30നും ജൂലൈ 31ന് രാവിലെ 8.30നും ഇടയിലാണ് അക്കിക്കാവ്–പന്നിത്തടം റോഡിലെ നിർമാണ സ്ഥലത്ത് മോഷണം നടന്നത്. വിനീത് എം. എന്നയാളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ കെട്ടിടത്തിന്റെ രണ്ടാം നിലയുടെ വാർപ്പ് പൂർത്തിയാക്കിയ ശേഷം താഴെ സൂക്ഷിച്ചിരുന്ന 85 ജാക്കികൾ, 81 ഇരുമ്പ് പൈപ്പുകൾ, 10 ഇരുമ്പ് ഷീറ്റുകൾ, മൂന്ന് സ്പാനുകൾ, ഒരു സോളാർ ക്യാമറ എന്നിവയാണ് മോഷണം പോയത്.
മോഷണത്തെ തുടർന്ന് ഏകദേശം 3.65 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി പരാതിയിൽ വ്യക്തമാക്കിയിരുന്നു.
പരാതി ലഭിച്ചതിനെ തുടർന്ന് കുന്നംകുളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സ്റ്റേഷൻ ഹൗസ് ഓഫീസർ സനീഷ് കുമാർ, സബ് ഇൻസ്പെക്ടർമാരായ ശരത്ത് സോമൻ, കെ. ശശികുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.
