തൃശൂർ: തെക്കുംകര പഴയന്നൂപ്പാടം കുളത്താശ്ശേരിയിൽ യുവാവ് കുത്തേറ്റു മരിച്ച സംഭവത്തിലെ പ്രതിയുടെ വീട്ടിൽ നടത്തിയ അപ്രതീക്ഷിത പരിശോധനയിൽ മുള്ളൻപന്നിയുടെ ഇറച്ചിയും മാരകായുധങ്ങളും കണ്ടെത്തി. കഴിഞ്ഞ ദിവസം മദ്യപാനത്തിനിടെയുണ്ടായ വാക്കുതർക്കത്തിൽ സോളമൻ എന്ന യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ എൽദോസിന്റെ വീട്ടിലാണ് പൊലീസും വനംവകുപ്പും സംയുക്തമായി പരിശോധന നടത്തിയത്.
ഇയാളുടെ വീട്ടിലെ ഫ്രിഡ്ജിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച നിലയിൽ പത്തു കിലോയോളം വരുന്ന മുള്ളൻപന്നിയുടെ ഇറച്ചിയാണ് ഉദ്യോഗസ്ഥർ കണ്ടെടുത്തത്. ഇതിനുപുറമെ വീട്ടിൽ ഒളിപ്പിച്ചുവെച്ചിരുന്ന ഏതാനും മാരകായുധങ്ങളും വടക്കാഞ്ചേരി പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് പിടിച്ചെടുത്തു. വടക്കാഞ്ചേരി പൊലീസിന്റെ റൗഡിപ്പട്ടികയിലുള്ള കുപ്രസിദ്ധ കുറ്റവാളിയാണ് എൽദോസ്.
കുളത്താശ്ശേരിയിൽ യുവാക്കൾ സംഘം ചേർന്ന് മദ്യപിക്കുന്നതിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. വാക്കുതർക്കത്തിന് പിന്നാലെ എൽദോസ് സോളമനെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിൽ വനാതിർത്തിയിൽ ഒളിവിലായിരുന്ന പ്രതിയെ വടക്കാഞ്ചേരി പൊലീസ് സാഹസികമായി പിടികൂടിയിരുന്നു. തുടർന്നാണ് വീട്ടിൽ കൂടുതൽ തെളിവെടുപ്പും പരിശോധനയും നടത്തിയത്.
