മലപ്പുറം: ഹൈക്കോടതി നിർദ്ദേശം കർശനമായി നടപ്പാക്കാൻ മലപ്പുറം ജില്ലയിൽ അനധികൃത പരസ്യബോർഡുകൾക്കും ബാനറുകൾക്കും കൊടിതോരണങ്ങൾക്കുമെതിരെ നടപടി ശക്തമാക്കി. ജില്ലയിലുടനീളം നടത്തിയ പരിശോധനകളിൽ ഇതുവരെ 2.40 ലക്ഷം രൂപ പിഴ ഈടാക്കിയതായി അധികൃതർ അറിയിച്ചു. അനുമതിയില്ലാതെ സ്ഥാപിച്ച പരസ്യബോർഡുകളും മറ്റ് പ്രചാരണ സാമഗ്രികളും നീക്കം ചെയ്യുന്നതിനൊപ്പം ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ നിയമനടപടികളും പുരോഗമിക്കുകയാണ്.
പൊതുനിരത്തുകൾ, റോഡരികുകൾ, നടപ്പാതകൾ, മറ്റ് പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ അനധികൃതമായി സ്ഥാപിക്കുന്ന ബോർഡുകളും ബാനറുകളും യാത്രക്കാർക്കും വാഹനഗതാഗതത്തിനും ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യത്തിലാണ് പരിശോധന വ്യാപകമാക്കിയത്.
വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിൽ ഇതിനകം നടത്തിയ പ്രവർത്തനങ്ങളും ഇനി സ്വീകരിക്കേണ്ട നടപടികളും ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി യോഗം വിശദമായി വിലയിരുത്തി. പരിശോധന കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി ജില്ലയിൽ 27 പ്രത്യേക സ്ക്വാഡുകൾ രൂപീകരിച്ചിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ വിവിധ മേഖലകളിൽ സ്ക്വാഡുകൾ പരിശോധന നടത്തും.
അനധികൃതമായി സ്ഥാപിച്ച ബോർഡുകളോ ബാനറുകളോ കണ്ടെത്തിയാൽ അവ നീക്കം ചെയ്യുന്നതിനൊപ്പം സ്ഥാപിച്ചവരിൽനിന്ന് നിയമാനുസൃതമായി പിഴ ഈടാക്കും. ഹൈക്കോടതി ഉത്തരവ് ലംഘിച്ച് വീണ്ടും ബോർഡുകൾ, ബാനറുകൾ, കൊടിതോരണങ്ങൾ എന്നിവ സ്ഥാപിക്കുന്ന പ്രവണത തടയാനും പ്രത്യേക ശ്രദ്ധ നൽകും. നിയമലംഘനം ആവർത്തിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കാനും യോഗത്തിൽ തീരുമാനിച്ചു.
പൊതുസ്ഥലങ്ങളുടെ സ്വാഭാവിക ഉപയോഗത്തിനും സുരക്ഷിതമായ ഗതാഗതത്തിനും തടസ്സമാകുന്ന തരത്തിൽ പരസ്യസാമഗ്രികൾ സ്ഥാപിക്കുന്നത് ഒഴിവാക്കണമെന്ന് അധികൃതർ അറിയിച്ചു. വരും ദിവസങ്ങളിലും കൃത്യമായ ഇടവേളകളിൽ പരിശോധന തുടരും. തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിൽ നടക്കുന്ന നീക്കം ചെയ്യൽ പ്രവർത്തനങ്ങളുടെ പുരോഗതി നിരീക്ഷിക്കുകയും നിയമലംഘനങ്ങൾ കണ്ടെത്തിയാൽ തുടർനടപടികൾ ഉറപ്പാക്കുകയും ചെയ്യും.
അനധികൃത ബോർഡുകൾ നീക്കം ചെയ്യുന്നതിൽ വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനവും ശക്തമാക്കും. ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി അധ്യക്ഷത വഹിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ, പൊലീസ്, കെ.എസ്.ഇ.ബി എന്നിവയിലെ മുതിർന്ന ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
