ടെഹ്റാൻ: അമേരിക്ക യുദ്ധം പുനരാരംഭിച്ചാൽ ശക്തമായി നേരിടാൻ ഇറാൻ സജ്ജമാണെന്ന് പരമോന്നത നേതാവ് മുജ്തബ ഖമനെയിയും വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചിയും വ്യക്തമാക്കി. മൂന്ന് കോടിയിലധികം ഇറാനികൾ രാജ്യത്തിനായി ജീവൻ ത്യജിക്കാൻ തയ്യാറാണെന്ന് മുജ്തബ ഖമനെയി പറഞ്ഞതായി റിപ്പോർട്ടുണ്ട്. അമേരിക്കയോ സഖ്യകക്ഷികളോ വീണ്ടും ആക്രമിച്ചാലും ഇറാൻ നിലപാടിൽ നിന്ന് പിന്നോട്ടുപോകില്ലെന്നും അരഗ്ചി വ്യക്തമാക്കി.
ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനായി ഇറാൻ മുന്നോട്ടുവച്ച ഏഴ് ദിവസത്തെ പദ്ധതി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തള്ളിയതിന് പിന്നാലെയാണ് ഇറാന്റെ പ്രതികരണം. അതേസമയം, ഈ ആഴ്ച ഇറാനുമായി കൂടുതൽ ചർച്ചകൾ നടക്കുമെന്ന പ്രതീക്ഷ ട്രംപ് പങ്കുവച്ചു. മധ്യസ്ഥർ വഴിയുള്ള ചർച്ചകൾ ഉടൻ നടന്നേക്കുമെന്ന സൂചനകളും പുറത്തുവന്നിട്ടുണ്ട്.
സംഘർഷവും ചർച്ചകളിലെ അനിശ്ചിതത്വവും അന്താരാഷ്ട്ര എണ്ണവിപണിയിലും പ്രതിഫലിച്ചു. ബ്രെന്റ് ക്രൂഡ് വില 1.27 ശതമാനം ഉയർന്ന് ബാരലിന് 105.64 ഡോളറിലെത്തി.
പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ ഓഹരി വിപണിയിലും കനത്ത ഇടിവുണ്ടായി. സെൻസെക്സ് 1,124.02 പോയിന്റ് താഴ്ന്ന് 72,771.72ലും നിഫ്റ്റി 360.25 പോയിന്റ് ഇടിഞ്ഞ് 22,780.25ലും വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്സിന്റെ ആറുമാസത്തിനിടയിലെ താഴ്ന്ന നിലവാരമാണിത്. ഉയർന്ന ക്രൂഡ് വില, ആഗോള ബോണ്ട് യീൽഡുകൾ, വിദേശ നിക്ഷേപകരുടെ വിൽപ്പന, പശ്ചിമേഷ്യയിലെ സംഘർഷം എന്നിവയാണ് വിപണിയെ സമ്മർദത്തിലാക്കിയത്.
ഡോളറിനെതിരെ രൂപയുടെ മൂല്യം രാവിലെ 20 പൈസ ഇടിഞ്ഞ് 95.95ലെത്തിയിരുന്നു. വിപണിയിലെ ഇടിവിനെ തുടർന്ന് നിക്ഷേപകരുടെ സമ്പത്തിൽ ഏകദേശം എട്ട് ലക്ഷം കോടി രൂപയുടെ കുറവുണ്ടായതായും റിപ്പോർട്ടുകളുണ്ട്. ഫിനാൻസ്, മെറ്റൽ, റിയൽറ്റി മേഖലകളിലും കനത്ത വിൽപ്പന സമ്മർദമുണ്ടായി.
