കൊച്ചി: താരസംഘടനയായ ‘അമ്മ’യുമായി ബന്ധപ്പെട്ട് തുടർച്ചയായി ഹർജികൾ എത്തുന്ന സാഹചര്യത്തിൽ ഹൈക്കോടതിയുടെ വിമർശനം. “അമ്മയ്ക്ക് വേണ്ടി പ്രത്യേക കോടതി വേണ്ടിവരുമല്ലോ” എന്നാണ് കോടതി ചോദിച്ചത്. സാധാരണക്കാരുടെ നിരവധി പ്രശ്നങ്ങൾ പരിഗണിക്കാനിരിക്കെ ഇവരുടെ പ്രശ്നങ്ങൾ തീർക്കാനാണ് സമയം ചെലവാകുന്നതെന്നും കോടതി വിമർശിച്ചു.
നടി അൻസിബ ഹസന്റെ പരാതിയിൽ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടി ലക്ഷ്മി പ്രിയ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് സിംഗിൾ ബെഞ്ചിന്റെ പരാമർശം. അൻസിബയുടെ പരാതിയിൽ കോടതി നിർദേശപ്രകാരം തനിക്കെതിരെ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നാണ് ലക്ഷ്മി പ്രിയയുടെ ഹർജിയിലെ ആവശ്യം.
‘അമ്മ’യുമായി ബന്ധപ്പെട്ട് തുടർച്ചയായി ഹർജികൾ കോടതിയിലെത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് വിമർശനം. നേരത്തെ അൻസിബ ഹസനും ഹൈക്കോടതിയെ സമീപിച്ചിരുന്നു.
താരസംഘടനയുടെ ജനറൽ ബോഡി യോഗത്തിന് ശേഷമാണ് ‘അമ്മ’യ്ക്കുള്ളിൽ വിവിധ വിഷയങ്ങളിൽ ഭിന്നത രൂക്ഷമായത്. സംഘടനയുടെ ഭാരവാഹികൾ സമൂഹമാധ്യമങ്ങളിലൂടെയും പരസ്പരം ആരോപണങ്ങളും വിമർശനങ്ങളും ഉന്നയിച്ചിരുന്നു. പിന്നീട് ഇതുമായി ബന്ധപ്പെട്ട വിഷയങ്ങൾ വിവിധ കോടതികളിൽ പലതരം കേസുകളായി മാറി.
ഏറ്റവും ഒടുവിലാണ് ലക്ഷ്മി പ്രിയ വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ ഹർജി പരിഗണിച്ച കോടതി കേസിലെ തുടർനടപടികൾ തടയാൻ തയ്യാറായില്ല. സർക്കാരിന് നോട്ടീസ് അയച്ച കോടതി ഹർജി മൂന്നാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കാനായി മാറ്റി.
സാധാരണക്കാരുടെ അനേകം പ്രശ്നങ്ങൾ കോടതിയുടെ പരിഗണനയിലുള്ളതാണെന്നും കോടതി ഓർമിപ്പിച്ചു.
