തിരുവനന്തപുരം: കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ചെന്ന ആരോപണത്തിൽ സസ്‌പെൻഷനിലായ ഡിവൈ.എസ്.പി ഉമേഷിനെ സർവീസിൽ തിരിച്ചെടുക്കാനുള്ള നീക്കം കനത്ത പ്രതിഷേധത്തെ തുടർന്ന് മരവിപ്പിച്ചു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് ഇത് സംബന്ധിച്ച അടിയന്തര നിർദേശം നൽകിയത്. ഡിവൈ.എസ്.പിയെ തിരിച്ചെടുക്കാനുള്ള ഉത്തരവിനെതിരെ കോഴിക്കോട്ടെ കോൺഗ്രസ് നേതൃത്വത്തിൽ നിന്ന് കടുത്ത അമർഷവും എതിർപ്പും ഉയർന്ന പശ്ചാത്തലത്തിലാണ് സർക്കാരിന്റെ പിൻവാങ്ങൽ.
കഴിഞ്ഞ ഞായറാഴ്ച കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് കെ. പ്രവീൺ കുമാർ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ആഭ്യന്തര മന്ത്രിയെ നേരിട്ട് കണ്ട് ഉമേഷിനെ തിരിച്ചെടുക്കാനുള്ള ഉത്തരവ് ഉടൻ പിൻവലിക്കണമെന്ന് ശക്തമായി ആവശ്യപ്പെട്ടിരുന്നു. കൂടാതെ, ഡി.സി.സി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് വിഷയത്തിൽ പരസ്യമായി ആഭ്യന്തര വകുപ്പിനും പൊലീസിനുമെതിരെ രംഗത്തെത്തി. ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പ് അക്രമത്തിലടക്കം പൊലീസ് കാണിച്ച പക്ഷപാതിത്വത്തെയും കാക്കിക്ക് കാക്കിയോടുള്ള പ്രേമത്തെയും കടുത്ത ഭാഷയിലാണ് നിജേഷ് വിമർശിച്ചത്.
കഴിഞ്ഞ ശനിയാഴ്ചയായിരുന്നു വകുപ്പുതല അന്വേഷണം പൂർത്തിയായെന്ന് കാട്ടി ആഭ്യന്തര വകുപ്പ് ഉമേഷിന്റെ സസ്‌പെൻഷൻ പിൻവലിച്ച് ഉത്തരവിറക്കിയത്. സർവീസിൽ നിന്ന് വിരമിക്കാൻ മാസങ്ങൾ മാത്രം ബാക്കിനിൽക്കെയായിരുന്നു ഈ വിവാദ നടപടി. 2025 നവംബർ 30-നാണ് വടകര ഡിവൈ.എസ്.പിയായിരുന്ന ഉമേഷിനെ സസ്‌പെൻഡ് ചെയ്യുന്നത്. പാലക്കാട് ചെർപ്പുളശ്ശേരി സി.ഐ ബിനു തോമസിന്റെ ആത്മഹത്യാക്കുറിപ്പിലെ വെളിപ്പെടുത്തലുകളെ തുടർന്നായിരുന്നു നടപടി. റെയ്ഡിനിടെ പിടികൂടിയ യുവതിയെ കേസിൽ നിന്ന് ഒഴിവാക്കാമെന്ന് വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നും കേസിൽ ഉൾപ്പെട്ട മറ്റ് നാല് യുവാക്കളിൽ നിന്ന് കൈക്കൂലി വാങ്ങിയെന്നുമായിരുന്നു ഉമേഷിനെതിരെയുള്ള ഗുരുതര ആരോപണം.
