പത്തനംതിട്ട: കോഴഞ്ചേരി മാരാമൺ റിസോർട്ടിൽ റിസപ്ഷനിസ്റ്റായ യുവതിയെ കുത്തിക്കൊന്നു. കുളത്തൂപ്പുഴ സ്വദേശിനി ദിൻഷ (20) ആണ് മരിച്ചത്. സംഭവത്തിൽ കീഴൂകര സ്വദേശി ജിത്തുവിനെ പൊലീസ് പിടികൂടി. ദിൻഷയുടെ സുഹൃത്തായ ജിത്തുവാണ് പ്രതി. കൊലപാതകത്തിന് പിന്നിൽ പ്രണയനൈരാശ്യമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഇന്ന് ഉച്ചയ്ക്ക് ഒന്നേമുക്കാലിന് ശേഷമാണ് കൊലപാതകം നടന്നത്. പ്രണയബന്ധത്തിൽ നിന്ന് ദിൻഷ പിന്മാറിയതാണ് പ്രതിയുടെ പകയ്ക്ക് കാരണമായതെന്നാണ് പൊലീസ് പറയുന്നത്. യുവതിയെ കൊലപ്പെടുത്തണമെന്ന തീരുമാനത്തോടെയാണ് പ്രതി റിസോർട്ടിലെത്തിയതെന്നും പൊലീസ് പറയുന്നു.
സംഭവത്തിന് മുമ്പ് പ്രതി ദിൻഷയുമായി പുറത്തുനിന്ന് ഏകദേശം പത്ത് മിനിറ്റോളം സംസാരിച്ചിരുന്നു. തുടർന്ന് ‘തന്നെ വഞ്ചിച്ചു’ എന്ന് ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ട് യുവതിയുടെ കഴുത്തിൽ പലതവണ കുത്തുകയായിരുന്നു.
കൊലപാതകത്തിന് ഉപയോഗിച്ച കത്തി പ്രതി ഓൺലൈനായി വാങ്ങിയതാണെന്നാണ് ലഭിക്കുന്ന വിവരം. ഗുരുതരമായി പരിക്കേറ്റ ദിൻഷയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴും ജീവൻ ഉണ്ടായിരുന്നെങ്കിലും പിന്നീട് മരണം സ്ഥിരീകരിച്ചു.
സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.
